കൊച്ചി: നടന്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ് പിടിയില്‍. മലപ്പുറം സ്വദേശി അഭിജിത്തി(24)നെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മദ്യലഹരിയിലാണ് ഇയാള്‍ 12 അടി പൊക്കമുള്ള ഗേറ്റ് ചാടിക്കടന്നതെന്ന് പൊലീസ് അനുമാനിക്കുന്നു. അര്‍ധരാത്രിയോടെയാണ് പാലസ് റോഡിലെ ദിലീപിന്റെ വീട്ടിലെത്തിയത്. ഒരാള്‍ വീടിന്റെ സമീപത്ത് നിന്ന് പരുങ്ങുന്നതു കണ്ട ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സ്വരാജ് വിവരം തിരക്കിയപ്പോള്‍, ദിലീപിനെ കാണാന്‍ വന്നതാണെന്നായിരുന്നു മറുപടി. ആരാധന മൂത്ത് ഗേറ്റ് ചാടിക്കടന്നതാണെന്നാണ് കരുതുന്നത്. ഷര്‍ട്ട് പോലും ധരിക്കാതെ വന്ന ഇയാള്‍ വീട്ടുകാരെ കണ്ടപ്പോള്‍ അസഭ്യം പറയുകയും, പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ കുതറിയോടി തിരികെ മതില്‍ ചാടി രക്ഷപെടുകയും ചെയ്യുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ ദിലീപിന്റെ സുഹൃത്ത് ശരത്തും പൊലീസും ചേര്‍ന്നാണ് പിന്നീട് പ്രതിയെ കൈയോടെ പിടികൂടിയത്. അതേസമയം, സംഭവം മോഷണശ്രമം അല്ലെന്നും യുവാവ് മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇയാളെക്കുറിച്ചുള്ള മറ്റു വിവരങ്ങള്‍ അന്വേഷിച്ചു വരുകയാണെന്ന് ആലുവ എസ്എച്ച്ഒ വി.എം. കേര്‍സണ്‍ പറഞ്ഞു.







