പയ്യന്നൂരില്‍ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനായിരുന്ന ഭര്‍ത്താവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കടിച്ചു കൊന്ന കേസ്; ഭാര്യ കുറ്റക്കാരി, ശിക്ഷാവിധി ശനിയാഴ്ച

തളിപ്പറമ്പ: പെരിങ്ങോം വയക്കര മൂളിപ്രയിലെ ചാക്കോച്ചന്‍ എന്ന കുഞ്ഞിമോനെ (60) ഇരുമ്പുപൈപ്പ് കൊണ്ട് തലക്കടിച്ചുകൊന്ന കേസില്‍ ഭാര്യ റോസമ്മ കുറ്റക്കാരിയാണെന്ന് തളിപ്പറമ്പ് അഡി. സെഷന്‍സ് ജഡ്ജ് കെ.എന്‍.പ്രശാന്ത് കണ്ടെത്തി. മറ്റന്നാള്‍ ശിക്ഷ വിധിക്കും. 2013 ജൂലായ് ആറിന് പുലര്‍ച്ചെയാണ് വീടിനടുത്ത റോഡരികില്‍ ചാക്കോച്ചന്റെ മൃതദേഹം കാണപ്പെട്ടത്. തലേന്ന് രാത്രി വീട്ടിലുണ്ടായ വഴക്കിനിടെ റോസമ്മയും മകനും ചേര്‍ന്ന് കുഞ്ഞുമോനെ അടിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് കേസ്. ചാക്കോച്ചന്റെ വസ്തു തന്റെ പേരില്‍ എഴുതി നല്‍കണമെന്ന് റോസമ്മ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. സംഭവസമയം മകന് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു. കൊലക്ക് ശേഷം വീട്ടില്‍ നിന്ന് 30 മീറ്ററോളം വലിച്ചും തള്ളിനീക്കിയുമാണ് റോസമ്മ മൃതദേഹം റോഡില്‍ കൊണ്ടിട്ടത്. പയ്യന്നൂരിലെ മെഡിക്കല്‍ സ്റ്റോറില്‍ സെയില്‍സ്മാനായിരുന്നു ചാക്കോച്ചന്‍. തളിപ്പറമ്പില്‍ അഡീ. സെഷന്‍സ് കോടതി പ്രവര്‍ത്തനമാരംഭിച്ചതിന് ശേഷം വിധി പറയുന്ന ആദ്യത്തെ കൊലക്കേസ് എന്ന പ്രത്യേകതയും ഈ കേസിനുണ്ട്.
വ്യാഴാഴ്ച രാവിലെ രണ്ടാമത്തെ കേസായാണ് ചാക്കോച്ചന്‍ വധക്കേസ് പരിഗണിച്ചത്. ജഡ്ജി കെ.എന്‍.പ്രശാന്ത് 30 പേജ് വിധി വായിച്ച ശേഷം റോസമ്മയെ വനിതാ പൊലീസിന്റെ സഹായത്തോടെ ചേംബറിനു അടുത്തേക്ക് വിളിപ്പിച്ചു. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയെന്നും ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോയെന്നും ജഡ്ജി ചോദിച്ചപ്പോള്‍ നിത്യരോഗിയാണെന്നും മരുന്ന് കഴിക്കുകയാണെന്നും തെറ്റ് ചെയ്തിട്ടില്ലായെന്നും റോസമ്മ പറഞ്ഞു. വീട്ടിലേക്ക് പോകാന്‍ അനുവദിക്കണമെന്നുംപറഞ്ഞു. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനാല്‍ അതിന് സാധിക്കില്ലെന്ന് പറഞ്ഞ ജഡ്ജി ജാമ്യം റദ്ദ് ചെയ്ത് റോസമ്മയെ റിമാന്റ് ചെയ്തു.
പ്രതിയുടെ ശാരീരിക അവശതയും പ്രായാധിക്യവും വസ്തുതയാണെങ്കിലും ഇവര്‍ നടത്തിയത് ക്രൂരമായ കൊലയാണെന്ന് കോടതി നിരീക്ഷിച്ചു. വയസ് കാലത്ത് പരസ്പരം താങ്ങായി നില്‍ക്കേണ്ട ഭര്‍ത്താവിനെ ഏഴ് തവണ ഇരുമ്പുപൈപ്പ് കൊണ്ട് തലയോട്ടി അടിച്ച് തകര്‍ത്തതിനാല്‍ തലച്ചോറ് പുറത്തുവന്ന നിലയിലായിരുന്നു. കൃത്യത്തിന് ശേഷം മൃതദേഹം റോഡിലേക്ക് വലിച്ചുകൊണ്ടുപോവുകയും ആയുധം ഒളിപ്പിച്ചുവെച്ചതും കണ്ടെത്തിയ കോടതി പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി. വാദി ഭാഗത്തിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. യു.രമേശന്‍ ഹാജരായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page