കാസർകോട്: തൃക്കരിപ്പൂർ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിരുന്ന കാറിന്റെ ചില്ല് അടിച്ച് തകര്‍ത്ത് ബാറ്ററി മോഷ്ടിച്ച സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. പിലിക്കോട് മേൽമട്ടലായി സ്വദേശികളായ കെ റോബിൻ എന്ന സച്ചു(20), എ ഷാനിൽ(28) എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യത്തിലൂടെ ആണ് പ്രതികളെ കണ്ടെത്തിയത്. കാസര്‍കോട് റെയില്‍വെ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഷംസീറിന്റെ കാറിനു നേരെയാണ് അക്രമം ഉണ്ടായത്. തൃക്കരിപ്പൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് പാര്‍ക്ക് ചെയ്ത ശേഷം ഡ്യൂട്ടിക്ക് പോയതായിരുന്നു ഷംസീര്‍. തിരിച്ചെത്തിയപ്പോഴാണ് കാർ തകർത്ത നിലയിൽ കണ്ടത്. പരാതിയിൽ അന്വേഷിച്ച പൊലീസ് വ്യാഴാഴ്ച ഉച്ചയോടെ പ്രതികളെ പിടികൂടി. ചന്തേര എസ് ഐ പി വി രഘുനാഥന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സജിത്ത് പടന്ന, ഹരീഷ് കുമാർ, ഷൈജു എന്നിവരടങ്ങിയ സംഘം ആണ് പ്രതികളെ കണ്ടെത്തി പിടികൂടിയത്. റെയിൽവേ പൊലീസും സഹായം നൽകി.







