കോഴിക്കോട്: വടകര ഒഞ്ചിയം കണ്ണൂര്‍ക്കര മാടക്കരയിലെ പാണ്ടികയില്‍ അസ്മിന(38)യെ ആറ്റിങ്ങല്‍ മൂന്നുമക്കിലെ ഗ്രീന്‍ ഇന്‍ ലോഡജില്‍ കൊലപ്പെടുത്തിയ നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ലോഡ്ജിലെ റിസപ്ഷനിസ്റ്റും കായംകുളം സ്വദേശിയുമായ ജോബി ജോര്‍ജ് എന്ന റോയിയെ കോഴിക്കോട്ട് പൊലീസ് അറസ്റ്റുചെയ്തു. ആറ്റിങ്ങലിലെ ലോഡ്ജില്‍ റിസപ്ഷനിസ്റ്റായ ജോബി ജോര്‍ജ്ജ് ഭാര്യയെന്ന വ്യാജേനയാണ് അസ്മിനയെ ചൊവ്വാഴ്ച വൈകീട്ട് ലോഡ്ജിലെത്തിച്ചതെന്ന് പറയുന്നു. അസ്മിനയെ റൂമില്‍ എത്തിച്ച ശേഷം രാത്രി ഒന്നരവരെ ജോലിചെയ്തിരുന്ന ഇയാള്‍ അതുകഴിഞ്ഞ് മുറിയിലേക്ക് പോയിരുന്നു. ബുധനാഴ്ച രാവിലെ ഇരുവരെയും പുറത്ത് കാണാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ നടത്തിയ പരിശോധനയില്‍ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പൊലീസ് എത്തി വാതില്‍ തള്ളിത്തുറന്നപ്പോള്‍ അസ്മിനയുടെ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയില്‍ കട്ടിലില്‍ കാണപ്പെടുകയായിരുന്നു. മുറിയില്‍ ബലപ്രയോഗം നടന്നതിന്റെ സൂചനകളുണ്ടായിരുന്നു. പൊട്ടിയ ബിയര്‍ കുപ്പി അക്കൂട്ടത്തിലുണ്ടായിരുന്നതായി ലോഡ്ജ് ജീവനക്കാര്‍ പറഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെ ജോബി പുറത്തേക്ക് പോകുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. അത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട്ട് ഇയാള്‍ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.








