കാസര്‍കോട്: പള്ളിപ്പിരിവിനാണെന്നു പറഞ്ഞ് വീട്ടിലെത്തി ഒന്‍പതു വയസുകാരിയെ കയറിപ്പിടിച്ച 59 കാരനെ നാട്ടുകാര്‍ കൈകാര്യം ചെയ്ത ശേഷം പൊലീസിനു കൈമാറി. കൊടക്കാട്, വെള്ളച്ചേരി ഹൗസിലെ ഖാലിദ് മുസ്ലിയാരെ (59)ആണ് പൊലീസിനു കൈമാറിയത്. ഇയാളെ നീലേശ്വരം എസ് ഐ ജിഷ്ണു പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പള്ളിപ്പിരിവിനാണെന്നു പറഞ്ഞാണ് ഖാലിദ് മുസ്ലിയാര്‍ പീഡനത്തിനു ഇരയായ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയത്. മാതാവ് വീട്ടില്‍ ഇല്ലെന്നും താന്‍ മാത്രമേ ഉള്ളൂവെന്നും കൈയില്‍ പണം ഇല്ലെന്നും പെണ്‍കുട്ടി മറുപടി പറഞ്ഞുവത്രെ. ഈ സമയത്ത് പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയായിരുന്നുവെന്നു പറയുന്നു. പെണ്‍കുട്ടി നിലവിളിച്ചു. ഇത് കേട്ട് പരിസരവാസികള്‍ ഓടിക്കൂടി അക്രമിയെ പിടികൂടി കൈകാര്യം ചെയ്ത ശേഷം പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലേയ്ക്ക് കൊണ്ട് പോയി. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതിയില്‍ ഉറച്ചു നിന്നതോടെയാണ് പൊലീസില്‍ പരാതി നല്‍കിയതും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതും.
