കാസര്‍കോട്: കവ്വായി കായലില്‍ മീന്‍പിടുത്തത്തിനിടെ തോണിമറിഞ്ഞു കാണാതായ മല്‍സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. വലിയപറമ്പയിലെ എന്‍.പി താമ്പാ(61)ന്റെ മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ ബോട്ട് ജട്ടിക്ക് സമീപം കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയോടെയാണ് തോണി മറിഞ്ഞത്. വലിയപറമ്പ് പാലത്തിനു താഴെ കവ്വായികായലില്‍ തോണിയിലിരുന്ന് മീന്‍ പിടിക്കുന്നതിനിടയിലാണ് അപകടം. മുങ്ങിത്താണ തമ്പാനെ രക്ഷിക്കാന്‍ ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും രാത്രി വരെ തെരച്ചില്‍ നടത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ 11.15 ഓടെ ഫയര്‍ഫോഴ്‌സ് മൃതദേഹം കണ്ടെത്തി. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഉച്ച കഴിഞ്ഞ് വീട്ടിലെത്തിക്കും. ഒരുമാസം മുമ്പ് വീടിന് സമീപം ഫിഷറീസിന്റെ ഫിഷ് സ്റ്റാള്‍ ആരംഭിച്ചിരുന്നു. എം ശ്യാമളയാണ് ഭാര്യ. മക്കള്‍: റാംജിത്, അഞ്ചു. മരുമകന്‍: പ്രവീണ്‍. സഹോദരങ്ങള്‍: എന്‍ പി ജാനകി, എന്‍ പി സാവിത്രി, എന്‍ പി ജനാര്‍ദ്ദനന്‍, പരേതരായ എന്‍ പി ഗോപാലന്‍, എന്‍ പി ചന്ദ്രശേഖരന്‍.
