കാസര്‍കോട്: അറവുശാലയിലേക്കു കൊണ്ടുവന്ന പോത്ത് വിരണ്ടോടുന്നതിനിടയില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ ഇടിച്ചു തെറുപ്പിച്ചു. പോത്തിന്റെ ഇടിയേറ്റു കടലിലേക്കു തെറിച്ചു വീണ 12 കാരനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാവുഗോളി കടപ്പുറത്തെ രാജേഷിന്റെ മകന്‍ അദ്വൈതി (12)നാണ് പരിക്കേറ്റത്. അദ്വൈതിന്റെ മൂക്കിന്റെ എല്ലിനു പൊട്ടലുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി പിതാവ് പറഞ്ഞു. കാലിനും കൈക്കും പരിക്കുണ്ട്. അദ്വൈത് അടുക്കത്ത് ബയല്‍ സ്‌കൂള്‍ ഏഴാം തരം വിദ്യാര്‍ത്ഥിയാണ്. അവധി ദിവസമായ ഇന്നലെ വൈകിട്ട് വീട്ടിനടുത്തെ കാവുഗോളി കടപ്പുറത്തു കൂട്ടുകാര്‍ക്കൊപ്പം കളിച്ചു കൊണ്ടു നില്‍ക്കുന്നതിനിടയിലാണ് പിന്നിലൂടെ വന്ന പോത്ത് ആക്രമിച്ചതെന്നു പറയുന്നു.
ഞായറാഴ്ച വൈകിട്ട് മൂന്നു മണിയോടെ മംഗളൂരുവില്‍ നിന്നു അറവുശാലയിലേക്കു കൊണ്ടുവന്ന പോത്താണിതെന്നു പറയുന്നു. ലോറിയില്‍ നിന്നു മൊഗ്രാലില്‍ പോത്തിനെ ഇറക്കുന്നതിനിടയില്‍ വിളറി പിടിച്ച് പോത്ത് ഓടുകയായിരുന്നെന്നു പറയുന്നു. പോത്ത് റയില്‍വേ ട്രാക്കില്‍ക്കയറി ഓട്ടം തുടരുകയായിരുന്നുവത്രെ. ഇതിനിടയില്‍ കാവുഗോളിയിലെത്തിയപ്പോഴായിരുന്നു അക്രമം.
കുട്ടി കടലില്‍ വീണതിനെത്തുടര്‍ന്നു പോത്ത് വീണ്ടും ഒടുകയായിരുന്നു. വിവരമറിഞ്ഞു ഫയര്‍ഫോഴ്‌സ് ഓഫീസര്‍ സുകുവിന്റെ നേതൃത്വത്തിലെത്തിയ സംഘം പോത്തിനു വേണ്ടി വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതിനിടയില്‍ ഒരു കാട്ടില്‍ പോത്തിനെ കണ്ടതായി നാട്ടുകാര്‍ പറയുന്നു. ആളുകളെക്കണ്ട് പോത്ത് ഓടി മറയുകയായിരുന്നുവത്രെ. അതേസമയം നാട്ടില്‍ പോത്തിനെക്കുറിച്ചു ഭീതി പരന്നിട്ടുണ്ട്.
