ഒന്നേകാല്‍ കോടിയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്: ഒരാള്‍ കൂടി അറസ്റ്റില്‍; പിടിയിലായത് ഗള്‍ഫിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയില്‍ ബംഗ്‌ളൂരുവില്‍ വച്ച്

കണ്ണൂര്‍: ഓണ്‍ലൈന്‍ ട്രേഡിംഗില്‍ പണം നിക്ഷേപിച്ചാല്‍ വന്‍ തോതില്‍ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ച് ഏഴിലോട് സ്വദേശിയായ ഇന്‍കം ടാക്‌സ് ഓഫീസറുടെ ഒന്നേ മുക്കാല്‍ കോടി രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കുന്ദമംഗലം, പാലക്കുടിയില്‍ ഹൗസില്‍ മുഹമ്മദ് സാദിഖിനെ (35) ആണ് കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കീര്‍ത്തിബാബു അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
ഉഡുപ്പിയില്‍ ഇന്‍കം ടാക്സ് ഓഫീസറായിരുന്ന ഏഴിലോട് റോസ് ആഞ്ചല്‍ വില്ലയിലെ എഡ്ഗാര്‍ വിന്‍സെന്റാണ് തട്ടിപ്പിനിരയായത്. യൂട്യൂബില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ ലഭിച്ച ഗ്രൂപ്പില്‍ എഡ്ഗാര്‍ വിന്‍സെന്റ് പങ്കാളിയാവുകയും ഗ്രൂപ്പില്‍ നിന്ന് നിര്‍ദേശിച്ച സ്ഥാപനങ്ങളുടെ ഓഹരി വാങ്ങുന്നതിനും വില്‍ക്കുന്നതിനും വിവിധ ഘട്ടങ്ങളിലായി പണം നിക്ഷേപിക്കുകയായിരുന്നു. പരിയാരം പൊലീസാണ് എഡ്ഗാര്‍ വിന്‍സെന്റിന്റെ പരാതിയില്‍ കേസെടുത്തത്. ഒരു കോടിക്ക് മുകളിലുള്ള തട്ടിപ്പായതിനാല്‍ കേസ് പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. 28 ഓളം ആളുകള്‍ പ്രതികളായ ജില്ലയിലെ വന്‍ ഓണ്‍ലൈന്‍ തട്ടിപ്പായിരുന്നു ഇത്. കോഴിക്കോട് മാവൂര്‍ ചെറൂപ്പയിലെ കെ.കെ.മുഹമ്മദ് സൈദ് (21), വാണിമേല്‍ പാലോറമ്മല്‍ സ്വദേശി മുഹമ്മദ് ഷെരീഫ് (26), മലപ്പുറം മൂത്തേടം വി.വി.സനീഷ് (31), യൂത്ത്കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറിയും മൂത്തേടം പഞ്ചായത്തംഗവുമായ നൗഫല്‍ മദാരി (42) എന്നിവരാണ് നേരത്തെ പിടിയിലായത്.
മുഹമ്മദ് സാദിഖ് ഒളിവില്‍ കഴിയുകയായിരുന്നു. ഇയാള്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി ബംഗ്ളൂരു കെസഗൗഡ വിമാനത്താവളം വഴി ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. ലുക്കൗട്ട് നോട്ടീസുള്ളതിനാല്‍ വിമാനത്താവള അധികൃതര്‍ തടഞ്ഞുവെക്കുകയായിരുന്നു. പരിയാരം പൊലീസ് ബംഗ്‌ളൂരുവില്‍ എത്തി കസ്റ്റഡിയിലെടുത്ത പ്രതിയെ ശനിയാഴ്ച രാവിലെ പരിയാരത്ത് എത്തിച്ചു. തുടര്‍ന്ന് പ്രതിയെ ക്രൈംബ്രാഞ്ച് ഏറ്റുവാങ്ങി.
ക്രൈംബ്രാഞ്ച് എസ്.ഐ: വി.വി.ശ്രീജേഷ്, അശോകന്‍, രാജീവന്‍, അജയന്‍, എ.എസ്.ഐ: ഷീജ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുറ്റിക്കോലില്‍ മുസ്ലീംലീഗിന് സീറ്റില്ല; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നു വിട്ടു നില്‍ക്കാന്‍ ലീഗ് പഞ്ചായത്ത് കമ്മിറ്റി തീരുമാനം

You cannot copy content of this page