കാസര്‍കോട്: കാറിലെത്തിയ സംഘം ഓംനി വാനിലെ യാത്രക്കാരനായ വ്യാപാരിയുടെ മൂന്നുപവന്‍ സ്വര്‍ണമാല തട്ടിയെടുത്തതായി പരാതി. വോര്‍ക്കാടി അരിബയല്‍ സ്വദേശിയും മൊര്‍ത്തണയില്‍ ചിക്കന്‍ സെന്റര്‍ ഉടമയുമായ സ്വാനിത് എന്‍ സീതാറാം ഷെട്ടി(33)യാണ് കവര്‍ച്ചയ്ക്ക് ഇരയായത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ മഞ്ചേശ്വരം മൊര്‍ത്തണയില്‍ വച്ചാണ് സംഭവം. ഉച്ചയ്ക്ക് കടയില്‍ പോയി വീട്ടിലേക്ക് വരികയായിരുന്നു സ്വനിത്. കാറിലെത്തിയ രണ്ടംഗ സംഘം മൊര്‍ത്തണയില്‍ വച്ച് ഓംനി വാനെ തടഞ്ഞു നിര്‍ത്തുകയായിരുന്നു. ‘തനിക്ക് ഡ്രൈവിങ് അറിയില്ലെ, എവിടെ നോക്കിയാണ് വണ്ടി ഓടിക്കുന്നത്’ എന്ന് ചോദിച്ച് വാന്റെ അടുത്തുവരികയായിരുന്നു സംഘത്തിലൊരാള്‍. തുടര്‍ന്ന് കാറില്‍ നിന്ന് വാള്‍ എടുത്ത് കഴുത്തിന് നേരെ വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മൂന്നുലക്ഷം വിലവരുന്ന സ്വര്‍ണമാല തട്ടിയെടുത്തു. ശേഷം മൊര്‍ത്തണ റോഡിലൂടെ ദേശീയപാതയിലേക്ക് അതിവേഗം ഓടിച്ചുപോയെന്ന് സ്വാനിത് പറയുന്നു. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു.







