മലപ്പുറം: സ്‌കൂള്‍ ബസ് ഫീസ് അടക്കാന്‍ വൈകിയതിന്റെ പേരില്‍ യുകെജി വിദ്യാര്‍ഥിയെ ബസില്‍ കയറ്റിയില്ല. പ്രധാനാധ്യാപികയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തം. ചേലേമ്പ്ര എഎല്‍പി സ്‌കൂളിലെ വിദ്യാര്‍ഥിക്കാണ് ദുരനുഭവമുണ്ടായത്. ബസിന്റെ ഫീസ് അടക്കാന്‍ വൈകിയതിന് യുകെജി വിദ്യാര്‍ത്ഥിയെ വഴിയില്‍ ഉപേക്ഷിച്ചെന്നാണ് പരാതി. സ്‌കൂള്‍ ബസില്‍ കയറാനിരിക്കവേ അഞ്ച് വയസുകാരനെ കയറ്റരുതെന്ന് പ്രധാനാധ്യാപിക ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കിയത്രേ. തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ ബസില്‍ കയറ്റാതെ വഴിയില്‍ വിട്ട് ബസ് പോവുകയായിരുന്നു. രക്ഷിതാക്കളെ അറിയിക്കാതെയാണ് കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ചതെന്നാണ് പരാതി. രണ്ട് മാസത്തെ സ്‌കൂള്‍ ബസ് ഫീസായ 1000 രൂപ അടക്കാന്‍ വൈകിയതിനാണ് പ്രധാനാധ്യാപികയുടെ ക്രൂരത. തിങ്കളാഴ്ചയാണ് സംഭവം നടക്കുന്നത്. ബസ് കയറാന്‍ എത്തിയപ്പോള്‍ ‘കുട്ടി പൈസ തന്നിട്ടില്ലെന്നും അതിനാല്‍ ബസില്‍ കയറ്റേണ്ടെന്നു കുട്ടിയുടെ മുന്നില്‍ വച്ച് അധ്യാപിക ഡ്രൈവറോട് പറഞ്ഞെന്ന് മാതാവ് പറഞ്ഞു. അതുകേട്ട് കുട്ടിയുടെ കണ്ണില്‍ വെള്ളം വന്നെന്നും അടുത്തുണ്ടായിരുന്ന ഒരു സ്ത്രീയാണ് കുട്ടിയെ തിരിച്ചു വീട്ടിലെത്തിച്ചതെന്നും അവര്‍ പറഞ്ഞു. ഉടന്‍ തന്നെ താന്‍ പ്രധാനാധ്യാപികയെ വിളിച്ചെന്നും ഇങ്ങനെ ചെയ്യാന്‍ പാടുണ്ടോയെന്ന് ചോദിച്ചെന്നും മാതാവ് പറഞ്ഞു. പൈസ അടച്ചില്ലല്ലോയെന്നും വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ലെന്നുമായിരുന്നു അധ്യാപികയുടെ മറുപടി. തനിക്ക് സങ്കടം സഹിക്കാന്‍ വയ്യാതെ യുകെജി ഗ്രൂപ്പിലും സ്‌കൂള്‍ ഗ്രൂപ്പിലും മെസേജ് അയച്ചെന്നും എന്നാല്‍ ആ മെസേജിനെയാണ് ടീച്ചര്‍ കുറ്റമായി കണക്കാക്കുന്നതെന്നും മാതാവ് പറഞ്ഞു. ഇത്തരക്കാരെ ടി.സി കൊടുത്ത് പറഞ്ഞു വിടണമെന്ന് സ്‌കൂള്‍ മാനേജര്‍ പറഞ്ഞതായി കുടുംബം പറയുന്നു. സംഭവത്തില്‍ കുടുംബം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കും ബാലാവകാശ കമ്മീഷനും പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്. ഇനി സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥിയെ അയക്കില്ലെന്ന് കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.







