കാസര്‍കോട്: രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന വയോധികനെ വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബോവിക്കാനം മുപ്പത്തിയാറിലെ എം ചോയി (73) ആണ് മരിച്ചത്. മുളിയാര്‍ പ്ലാന്റേഷന്‍ കോര്‍പറേഷനില്‍ ദീര്‍ഘകാലം ജീവനക്കാരനായിരുന്നു.
വെള്ളിയാഴ്ച രാവിലെ വീട്ടിനകത്ത് കാണാത്തതിനെ തുടര്‍ന്ന് തെരയുന്നതിനു ഇടയിലാണ് മൃതദേഹം വീട്ടു കിണറ്റില്‍ കാണപ്പെട്ടത്.
വിവരമറിഞ്ഞ് സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ വി എം സതീശന്റെ നേതൃത്വത്തിലുള്ള ഫയര്‍ ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. സോഡിയം കുറയുന്ന അസുഖത്തിനു ചികിത്സയിലായിരുന്നു ചോയിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ ആദൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
ഭാര്യ: പുഷ്പവല്ലി. മക്കള്‍: ബിന്ദു, വീണ. മരുമക്കള്‍: ജയന്‍, ഗംഗാധരന്‍. സഹോദരങ്ങള്‍: അപ്പു, ചിരുതക്കുഞ്ഞി.








