കാസര്‍കോട്: നീണ്ട ഇടവേളയ്ക്കു ശേഷം കാസര്‍കോട് ജില്ലയില്‍ മാവോയ്‌സ്റ്റ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്ലാത്തടത്തെ ബസ് വെയ്റ്റിംഗ് ഷെഡിലാണ് പോസ്റ്ററുകള്‍ പതിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് പോസ്റ്റര്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. വിവരം ഉടന്‍ പൊലീസിനെ അറിയിച്ചു. വെള്ളരിക്കുണ്ട് പൊലീസും വിവധ രഹസ്യാന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
”ജനകീയ വിമോചന മുന്നണി ഏരിയാ കമ്മിറ്റി” എന്ന പേരില്‍ പതിച്ച പോസ്റ്ററുകളില്‍ വിവിധ ആവശ്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്.
”നാഗ്പൂര്‍ ജയിലില്‍ അടച്ച സ.റിജാസിനെ ഉടന്‍ വിട്ടയക്കുക, ഉത്തരേന്ത്യയിലെ നിരപരാധികളായ ആദിവാസികളുടെ കൂട്ടക്കൊലകള്‍ ഉടന്‍ അവസാനിപ്പിക്കുക” തുടങ്ങിയ ആവശ്യങ്ങളാണ് പോസ്റ്റുകളില്‍ ഉള്ളത്. വിവിധ നിറത്തിലുള്ള മഷികള്‍ ഉപയോഗിച്ച് ന്യൂസ് പ്രിന്റുകളിലാണ് മുന്‍ കാലങ്ങളില്‍ മാവോയ്‌സ്റ്റ് പോസ്റ്റുകള്‍ പതിച്ചിരുന്നത്. എന്നാല്‍ പ്ലാത്തടുത്ത് പ്രത്യക്ഷപ്പെട്ടത് കമ്പ്യൂട്ടറും പ്രിന്ററും ഉപയോഗിച്ചു തയ്യാറാക്കിയ പോസ്റ്ററാണ്.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പോസ്റ്റര്‍ പതിച്ചത് അതീവ ഗൗരവത്തോടെയാണ് പൊലീസ് കൈകാര്യം ചെയ്യുന്നത്.







