തലക്കാവേരി: ദക്ഷിണേന്ത്യയുടെ ജീവജലദായിനിയായ കാവേരി നദിയുടെ ഉദ്ഭവ ആഘോഷമായ കാവേരി തീര്‍ത്ഥോദ്ഭവം ഇന്ന് നടക്കും. കുടക് (കൂര്‍ഗ്) ജില്ലയിലെ ഭാഗമണ്ഡലക്കടുത്ത് തലക്കാവേരിയില്‍ ബ്രഹ്‌മഗിരി മലനിരകളില്‍ നിന്നാണ് തുലാം സംക്രമണവേളയില്‍ കാവേരി നദി ഉദ്ഭവിക്കുന്നത്. കുടകിലെ തലക്കാവേരിയില്‍ ജനിച്ച് ദക്ഷിണ ദേശത്തു കൂടി ഒഴുകി നാടിനെ പച്ചപ്പുള്ളതാക്കി കന്നഡ തമിഴ് ജനതകളുടെ ജീവരക്തമായ കാവേരി ഇരു ജനതയ്ക്കും ദേവതയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:40 ന് ആണ് തുലാസംക്രമണം.
സൂര്യന്‍ കന്നി രാശിയില്‍ നിന്ന് തുലാം രാശിയിലേക്ക് സഞ്ചരിക്കുന്ന സമയത്ത്, കാവേരി മാതാവ് മകര ലഗ്‌നത്തില്‍ തീര്‍ത്ഥോദ്ഭവ രൂപിണിയായി മാറും. എല്ലായിടത്തും ബാരിക്കേഡുകള്‍ സ്ഥാപിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്. തീര്‍ത്ഥം ശേഖരിക്കുന്നതിനായി നിരവധി കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്, തീര്‍ത്ഥം വിതരണത്തിനുള്ള ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. ഈ വര്‍ഷത്തെ തുലാസംക്രണ നടത്തിപ്പിന് കര്‍ണാടക സര്‍ക്കാര്‍ 60 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും, ഭക്തജനങ്ങള്‍ക്ക് ബാഗമണ്ഡലത്ത് നിന്ന് തലക്കാവേരിയിലേക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്രയും അനുവദിച്ചിട്ടുണ്ടെന്നും സ്ഥലം എം.എല്‍.എ എ.എസ് പൊന്നണ്ണ അറിയിച്ചു. ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ തലക്കാവേരിയില്‍ ദര്‍ശനം നടത്തുന്നുണ്ട്.







