പാലക്കാട്: സ്വര്‍ണം പവന് 94,500 രൂപ കടന്നതോടെ സ്വര്‍ണക്കവര്‍ച്ചക്കാരെ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി റെയില്‍വേ. യാത്രയില്‍ സ്വര്‍ണം തീരെ ധരിക്കരുതെന്നാണ് സുരക്ഷാവിഭാഗത്തിന്റെ നിര്‍ദേശം.
കവര്‍ച്ചക്കാരെ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുനല്‍കാന്‍ റെയില്‍വേ പോസ്റ്ററും ബോധവല്‍ക്കരണ വീഡിയോയും ഇറക്കി. സ്വര്‍ണമെന്ന രീതിയില്‍ ധരിക്കുന്ന മുക്കുപണ്ടവും പ്രശ്‌നമാണ്. അത് മോഷ്ടാക്കളെ മോഹിപ്പിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. കവര്‍ച്ചക്കാര്‍ക്ക് എളുപ്പത്തില്‍ അപഹരിക്കാന്‍ പറ്റുന്നത് പാദസരമാണ്. അതിനാല്‍ ബര്‍ത്തില്‍ ഉറങ്ങുന്നവര്‍ ഒന്ന് സൂക്ഷിക്കണം.
അതേസമയം, കോച്ചുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാത്തത് തിരിച്ചടിയാണ്. നിലവില്‍ പുതിയ എല്‍എച്ച്ബി കോച്ചുകളില്‍ മാത്രമാണ് ക്യാമറയുള്ളത്. കൊങ്കണ്‍പാതയിലാണ് കവര്‍ച്ച ഏറ്റവും കൂടുതല്‍ നടക്കുന്നത്. ട്രെയിനില്‍ കാവല്‍ ഇല്ലാത്തതിനാല്‍ കവര്‍ച്ചാ സാധ്യത ഏറെയാണ്. മലയാളികകളാണ് ഏറ്റവും കൂടുതല്‍ കവര്‍ച്ചയ്ക്ക് ഇരയാകുന്നത്. പുലര്‍ച്ചെയുള്ള യാത്രക്കാരുടെ ഉറക്കവും മോഷ്ടാക്കള്‍ മുതലെടുക്കുന്നുവെന്ന് അധികൃതര്‍ പറയുന്നു.
