കാസർകോട്: ഭീമനടി പ്ലാച്ചിക്കരയിൽ കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം നടന്നത്. കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസ്സും ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സും ആണ് കൂട്ടിയിടിച്ചത്. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ വെള്ളരിക്കുണ്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു ഡ്രൈവർക്ക് സാരമായി പരിക്കുപറ്റി. അപകടത്തെ തുടർന്ന് മലയോരമേഖലയിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് വെള്ളരിക്കുണ്ട് പൊലീസ് സ്ഥലത്തെത്തി. അപകടത്തിൽ ഇരു ബസുകളുടെയും മുൻഭാഗം പാടെ തകർന്നിട്ടുണ്ട്. മഴ പെയ്യുന്ന സമയത്താണ് അപകടം നടന്നത്.







