പാലക്കാട്: പല്ലന്‍ചാത്തൂരില്‍ പതിനാലുകാരന്‍ ജീവനൊടുക്കിയ സംഭവത്തില്‍ നടപടിയുമായി സ്‌കൂള്‍ മാനേജ്‌മെന്റ്. ആരോപണ വിധേയരായ കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രധാന അധ്യാപിക ലിസിയെയും ക്ലാസ് ടീച്ചര്‍ ആശയെയും സസ്‌പെന്‍ഡ് ചെയ്തു. പിടിഎയും, മാനേജ്‌മെന്റും, പഞ്ചായത്ത് അധികൃതരും അടിയന്തരമായി ചേര്‍ന്ന യോഗത്തിലാണ് അധ്യാപികമാര്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചത്. അധ്യാപികമാരെ സ്‌കൂളില്‍നിന്ന് മാറ്റി നിര്‍ത്തി അന്വേഷണം ആരംഭിക്കാനാണ് തീരുമാനിച്ചത്. ഡിഇഒയുടെ നിര്‍ദേശപ്രകാരമാണ് സസ്‌പെന്‍ഷന്‍ നടപടി. മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ അര്‍ജുനാണ് അധ്യാപികയുടെ പീഡനത്തില്‍ മനംനൊന്ത് ജീവനൊടുക്കിയത്. ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍ തമ്മില്‍ മെസേജ് അയച്ചതിന് അധ്യാപിക അര്‍ജുനെ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം ആരോപിച്ചത്. സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും ജയിലിലിടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ കെ.എസ്.യുവിന്റെ നേതൃത്വത്തില്‍ സ്‌കൂളിലേക്ക് വിദ്യാര്‍ഥികള്‍ മാര്‍ച്ച് നടത്തിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് സ്‌കൂള്‍ നാലുദിവസം അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചു.
