കാസര്‍കോട്: യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു തെളിഞ്ഞു. ഉറ്റ സുഹൃത്ത് ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍. നടുവില്‍, പോത്തുക്കുണ്ട് റോഡിലെ വലയിനകത്ത് മിദ്ലാജ് (26), നടുവില്‍, കിഴക്കേക്കവലയിലെ ഷാക്കിര്‍ (26) എന്നിവരെയാണ് തളിപ്പറമ്പ് ഡിവൈഎസ്പി കെ.ഇ പ്രേമചന്ദ്രന്റെ മേല്‍നോട്ടത്തില്‍ കുടിയാന്മല ഇന്‍സ്പെക്ടര്‍ എം.എന്‍ ബിജോയിയും സംഘവും അറസ്റ്റു ചെയ്തത്.
നടുവില്‍ പടിഞ്ഞാറെ തറയിലെ വി.പി പ്രജ്വലി(30)നെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ഇവരില്‍ ഷാക്കിര്‍ കൊല്ലപ്പെട്ട പ്രജ്വലിന്റെ അടുത്ത സുഹൃത്താണ്. പൊലീസിനെ ആക്രമിക്കല്‍, കഞ്ചാവ്, അടിപിടി, വധശ്രമം തുടങ്ങി 11 കേസുകളില്‍ ഷാക്കിര്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.
സെപ്തംബര്‍ 25ന് ആണ് നടുവില്‍ എരോട്ടിയിലെ കൃഷിയിടത്തിലെ കുളത്തില്‍ പ്രജ്വലിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയോ അപകടമോ ആയിരിക്കാം മരണത്തിനു ഇടയാക്കിയതെന്നായിരുന്നു സംശയിച്ചിരുന്നത്. എന്നാല്‍ മരണത്തില്‍ സംശയം ഉണ്ടെന്നു ബി.ജെ.പി ആരോപിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഇതേ കുറിച്ച് പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെ: സ്ഥലത്തെ ലഹരി സംഘത്തിലെ അംഗങ്ങളാണ് അറസ്റ്റിലായ ഷാക്കിറും മിദ് ലാജും കൊല്ലപ്പെട്ട പ്രജ്വലും. ഇവരെ കൂടാതെ മറ്റു ഒന്‍പതു പേരും സംഘാംഗങ്ങളാണ്. രാത്രിസമയങ്ങളില്‍ ഒന്നിച്ചിരുന്ന് മദ്യപാനവും കഞ്ചാവും ഉപയോഗവുമാണ് സംഘത്തിന്റെ സ്ഥിരം പരിപാടി. സംഭവ ദിവസം വൈകുന്നേരം സംഘം ഒന്നിച്ചിരുന്നു പുലരുംവരെ മദ്യപിച്ചിരുന്നു. മൂന്നു പേര്‍ ഒഴികെ മറ്റുള്ളവരെല്ലാം പുലര്‍ച്ചെ അവരവരുടെ വീടുകളിലേക്ക് പോയി. മിദ്ലാജും ഷാക്കിറും പ്രജ്വലും രാവിലെ ആറു മണിയോടെ നടുവില്‍ സ്വദേശിയായ ഒരാളില്‍ നിന്നു മദ്യം വാങ്ങി തിരിച്ചു റബ്ബര്‍ തോട്ടത്തിലെത്തി. മദ്യപിക്കുന്നതിനിടയില്‍ പ്രജ്വല്‍ ഷാക്കിറിന്റെ ഉമ്മയെ തെറി വിളിച്ചു. ഇത് വാക്കേറ്റത്തിലും അടിപിടിയിലും കലാശിച്ചു. അടിയേറ്റു നിലത്തു വീണ പ്രജ്വലിന്റെ കൈകാലുകളില്‍ പിടിച്ച് ഇരുവരും ചേര്‍ന്ന് കുളത്തിലേക്ക് വലിച്ചെറിഞ്ഞു. പ്രജ്വല്‍ കുളത്തിലെ ചെളിയില്‍ മുങ്ങിത്താണു. പിന്നീട് മറ്റിരുവരും ഷാക്കിറിന്റെ വീട്ടില്‍ എത്തി കുളിച്ചു. നടുവിലെ കള്ളുഷാപ്പിലെത്തി കള്ളു കുടിച്ചു. അപ്പോഴേക്കും പ്രജ്വലിനെ കാണാനില്ലെന്ന വിവരം പടര്‍ന്നു. നാട്ടുകാര്‍ തെരച്ചില്‍ ആരംഭിച്ചുവെങ്കിലും ഫലമുണ്ടായില്ല. പിന്നീടാണ് മൃതദേഹം കണ്ടെത്തിയത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി സംസ്‌കരിച്ചു. ഈ സമയത്തെല്ലാം ഷാക്കിറും മിദ്ലാജും സജീവമായി പങ്കെടുത്തിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് കൊലപാതകമാണെന്നു മനസ്സിലായത്. മിദ്ലാജിനെ ചൊവ്വാഴ്ചയും ഷാക്കിറിനെ ബുധനാഴ്ച ഉച്ചയോടെ അറസ്റ്റു ചെയ്തു.
പൊലീസ് സംഘത്തില്‍ എസ്.ഐ കെ.കെ രാധാകൃഷ്ണന്‍, എഎസ്ഐ സജിമോന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എ ജയരാജ്, സിവില്‍ പൊലീസ് ഓഫീസര്‍ കെ.കെ കൃഷ്ണന്‍ എന്നിവരുമുണ്ടായിരുന്നു.







