കാസര്‍കോട്: ബേഡകം പഞ്ചായത്തിലെ കൊളത്തൂര്‍ വയലില്‍ പന്നിക്കൂട്ടം വ്യാപകമായി നെല്‍കൃഷി നശിപ്പിച്ചു. ശ്രീവിദ്യ, കുഞ്ഞമ്പു എന്നിവരുടെ വയലിലാണ് പന്നികള്‍ കൂട്ടത്തോടെ എത്തിയത്.
ബുധനാഴ്ച കൊയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു ഈ കര്‍ഷകര്‍. ഇതിനിടയില്‍ ചൊവ്വാഴ്ച രാത്രി ശക്തമായി പെയ്ത മഴ കാരണം നെല്‍വയലില്‍ വെള്ളം കയറി. ഇതു കാരണം യന്ത്രം ഉപയോഗിച്ചുള്ള കൊയ്ത്തും മുടങ്ങി. മയിലുകളുടെ ശല്യത്തെ അതിജീവിച്ചാണ് കുളത്തൂരില്‍ കര്‍ഷകര്‍ ഇത്തവണ നെല്‍കൃഷി ഇറക്കിയിരുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ ഭാവിയില്‍കൃഷി ഇറക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉണ്ടാവുകയെന്നു കര്‍ഷകര്‍ പറയുന്നു.
അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴ നാണ്യ വിള കര്‍ഷകരെ കൂടി കനത്ത ദുരിതത്തിലാക്കിയിരിക്കുകയാണ്. പതിവിലധികം പെയ്ത മഴ കാരണം കവുങ്ങിന്‍ തോട്ടങ്ങളില്‍ മഹാളി രോഗം വ്യാപകമാണ്. മിക്ക തോട്ടങ്ങളിലും അടയ്ക്കകളെല്ലാം കൊഴിഞ്ഞ നിലയിലാണ്. റബ്ബര്‍ തോട്ടങ്ങളില്‍ ടാപ്പിംഗ് നടക്കാതെ ദിവസങ്ങളായി. ഇതു കാരണം തൊഴിലാളി കുടുംബങ്ങളും ദുരിതത്തിലാണ്.
