കാസർകോട്: ബദിയടുക്ക സാമൂഹികാരോഗ്യകേന്ദ്രത്തിൽ ചികിത്സക്കെത്തിയ രോഗിയുടെ ബ്ലഡ് പ്രഷർ പരിശോധിക്കാൻ വിസമ്മതിച്ച വനിതാ ഡോക്ടർക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. സ്വീകരിച്ച നടപടികൾ രണ്ടു മാസത്തിനുള്ളിൽ കാസർകോട് ഡി.എം.ഒ. രേഖാമൂലം അറിയിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. 2021 സെപ്റ്റംബർ 29 നാണ് പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. താൻ രക്തസമ്മർദ്ദത്തിന് മരുന്ന് കഴിക്കുകയായിരുന്നുവെന്ന് ഡോക്ടറോട് പറഞ്ഞിട്ടും ബി.പി. പരിശോധിക്കണമെങ്കിൽ വെള്ളിയാഴ്ച വരാൻ നിർദ്ദേശിക്കുകയായിരുന്നുവെന്ന് പരാതിക്കാരനായ കെ.വി ജോൺസൺ പറഞ്ഞു.2021 സെപ്റ്റംബർ 1 നാണ് ഡോക്ടർ ബദിയടുക്ക സാമൂഹികാരോഗ്യകേന്ദ്രത്തിൽ ജോലിയിൽ പ്രവേശിച്ചതെന്ന് ഡി.എം.ഒ. കമ്മീഷനെ അറിയിച്ചു. പരാതിക്കാരൻ ഒ.പി. യിലെത്തുമ്പോൾ നല്ലതിരക്കുണ്ടായിരുന്നു. രക്തസമ്മർദ്ദം പരിശോധിക്കുന്ന ഉപകരണത്തിന് തകരാറുണ്ടായിരുന്നു. സ്റ്റാഫ് ഡ്യൂട്ടി മുറിയിൽ ചെന്ന് രക്തസമ്മർദ്ദം പരിശോധിക്കാൻ പരാതിക്കാരനോട് ഡോക്ടർ ആവശ്യപ്പെട്ടിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.പരാതിക്കാരന് രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ട് കാണാറുള്ള ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ജീവിതശൈലി രോഗങ്ങൾക്ക് വെള്ളിയാഴ്ച നടക്കുന്ന ക്ലിനിക്കിലെത്താൻ പറഞ്ഞത് ഈ സാഹചര്യത്തിലാണെന്നും റിപ്പോർട്ടിൽ പറഞ്ഞു. സർവ്വീസിലെ പരിചയക്കുറവ് കാരണമാണ് ഡോക്ടർ പരാതിക്കാരന് ഇത്തരത്തിൽ നിർദ്ദേശം നൽകാൻ കാരണമായതെന്നും റിപ്പോർട്ടിലുണ്ട്. മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഡോക്ടർ അറിയിച്ചിട്ടുണ്ടെന്നും ഡി.എം.ഒ. യുടെ റിപ്പോർട്ടിൽ പറയുന്നു.സർക്കാരാശുപത്രിയിൽ ചികിത്സക്ക് എത്തുന്ന എല്ലാവർക്കും രക്തസമ്മർദ്ദ പരിശോധന നടത്തണമെന്ന ആരോഗ്യ ഡയറക്ടറുടെ കത്ത് എല്ലാ ഉപ കേന്ദ്രങ്ങൾക്കും നൽകിയിട്ടുണ്ടെന്നും ഡി.എം.ഒ. പറഞ്ഞു. എന്നാൽ താൻ ചികിത്സക്കെത്തിയപ്പോൾ ഒ. പിയിൽ തിരക്കുണ്ടായിരുന്നില്ലെന്നും ബി.പി പരിശോധനാ ഉപകരണത്തിന് തകരാർ ഉണ്ടായിരുന്നില്ലെന്നും പരാതിക്കാരൻ അറിയിച്ചു. വനിതാ ഡോക്ടറോട് സിറ്റിംഗിൽ ഹാജരാകാൻ നിർദ്ദേശിച്ചെങ്കിലും പഠനാവധിയിൽ ആയതിനാൽ നോട്ടീസ് കൈപ്പറ്റിയില്ലെന്ന് ഡി.എം.ഒ. അറിയിച്ചു. അന്വേഷണത്തിൽ ഡോക്ടറുടെ ഭാഗത്തു വീഴ്ച്ചയുണ്ടായതായി കമ്മീഷൻ നിഗമനത്തിലെത്തി. ആശുപത്രിയിലെ തിരക്കും ഡോക്ടറുടെ പരിചയക്കുറവും രോഗികളോട് അനുകമ്പയോടെയും ആർദ്രതയോടെയും പെരുമാറാതിരിക്കാനുള്ള കാരണമായി കരുതുന്നില്ലെന്ന് കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.







