കാസർകോട്: ഏറെ കോളിളക്കമുണ്ടാക്കിയ മഞ്ചേശ്വരം കോഴക്കേസിൽ ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ് അയച്ചു. വിചാരണ കൂടാതെ കേസിൽ നിന്ന് കുറ്റവിമുക്തനാക്കിയതിനെതിരെ സര്‍ക്കാര്‍ സമർപ്പിച്ച അപ്പീല്‍ ഫയലില്‍ സ്വീകരിച്ചാണ് ജസ്റ്റിസ് വി.ജി.അരുൺ നോട്ടീസ് അയച്ചത്. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയത് സിപിഎം – ആർഎസ്എസ് ഡീൽ എന്നായിരുന്നു പ്രതിപക്ഷ ആരോപണം. കെ സുരേന്ദ്രനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയ സെഷന്‍സ് കോടതി വിധിയില്‍ പിഴവുണ്ടെന്നും നിയമ വിരുദ്ധമാണ് എന്നുമാണ് അപ്പീലില്‍ സര്‍ക്കാരിന്റെ വാദം. പൊലീസ് നല്‍കിയ തെളിവുകള്‍ പരിശോധിക്കാതെയാണ് വിചാരണക്കോടതി തീരുമാനമെടുത്തത്. പ്രതി നല്‍കിയ സാക്ഷിമൊഴി മാത്രം പരിഗണിച്ചാണ് കോടതിയുടെ നടപടിയെന്നുമാണ് സര്‍ക്കാര്‍ അപ്പീലില്‍ പറയുന്നത്. നേരത്തെ നൽകിയ റിവിഷൻ ഹർജി പിൻവലിച്ചാണ് സർക്കാർ അപ്പീൽ നൽകിയിരിക്കുന്നത്. കേസ് ഈ മാസം 30ന് വീണ്ടും പരിഗണിക്കും. സുരേന്ദ്രനു പുറമെ ബിജെപി കാസർകോട് മുൻ ജില്ലാ പ്രസിഡന്റ് കെ.ബാലകൃഷ്ണ ഷെട്ടി, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, കെ.മണികണ്ഠ റായ് എന്നിവരടക്കമുള്ളവരാണ് കേസിലെ പ്രതികൾ. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാർഥിയായ കെ.സുരേന്ദ്രൻ മറ്റൊരു സ്ഥാനാർഥിയായിരുന്ന ബിഎസ്‌പിയിലെ കെ.സുന്ദരയുടെ പത്രിക പിൻവലിക്കാനായി രണ്ടരലക്ഷം രൂപയും 8300 രൂപയുടെ മൊബൈൽ ഫോണും കോഴയായി നൽകി എന്നായിരുന്നു കേസ്. കോഴക്കേസില്‍ സുരേന്ദ്രന്‍ അടക്കമുള്ള എല്ലാ പ്രതികളെയും കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി കുറ്റവിമുക്തരാക്കിയിരുന്നു. 2023 ഒക്ടോബര്‍ ഒന്നിനായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചത്.







