കാസര്‍കോട്: ജില്ലാകലക്ടര്‍ കെ ഇമ്പശേഖറും എ എസ് പി എം നന്ദഗോപനും ഇടപെട്ടതിനെ തുടര്‍ന്ന് കുമ്പള കെ എസ് ഇ ബി സെക്ഷന്‍ പരിധിയില്‍ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു. ഞായറാഴ്ച രാത്രി ഏഴരമണിയോടെയാണ് വൈദ്യുതി വിതരണം നിലച്ചത്. തിങ്കളാഴ്ച രാത്രിയായിട്ടും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഉപഭോക്താക്കള്‍ വൈദ്യുതി ഓഫീസില്‍ ബന്ധപ്പെട്ടപ്പോള്‍ തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്ന മറുപടിയാണ് ലഭിച്ചത്. ഒരു രാവും പകലും വൈദ്യുതി ഇല്ലാത്തതിനെ തുടര്‍ന്ന് കുടിവെള്ളം പോലും ഇല്ലാത്ത സ്ഥിതിയിലായ നാട്ടുകാര്‍ രാത്രി ഏഴരമണിയോടെ വൈദ്യുതി ഓഫീസില്‍ നേരിട്ടെത്തി. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള നടപടി തുടരുന്നുവെന്ന മറുപടിയാണ് അപ്പോഴും ലഭിച്ചത്. ഇതോടെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും കൂടുതല്‍ നാട്ടുകാരും വൈദ്യുതി ഓഫീസിലെത്തി. സ്ഥിതി സംഘര്‍ഷത്തിലേയ്ക്ക് നീങ്ങുകയാണെന്നു കാണിച്ച് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് കാസര്‍കോട് എ എസ് പി എം നന്ദഗോപന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തി. പ്രതിഷേധക്കാരുമായി സംസാരിച്ച ശേഷം എ എസ് പി വൈദ്യുതി ജീവനക്കാരുമായും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായും ചര്‍ച്ച നടത്തി. പ്രാഥമിക കര്‍മ്മം നിര്‍വ്വഹിക്കുന്നതിനു പോലും വെള്ളം ഇല്ലാത്ത അവസ്ഥയെ കുറിച്ച് കേട്ടറിഞ്ഞ എ എസ് പി ഉടന്‍ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖറുമായി ബന്ധപ്പെട്ട് പ്രശ്നം വിശദമായി ബോധ്യപ്പെടുത്തി. ജില്ലാ കലക്ടര്‍ മുതിര്‍ന്ന വൈദ്യുതി ഉദ്യോഗസ്ഥരെ ഫോണില്‍ ബന്ധപ്പെടുകയും രണ്ടു മണിക്കൂറിനകം വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കണമെന്നു നിര്‍ദ്ദേശിച്ചു. ഇതിനായി ജില്ലയിലെ ഏതു സെക്ഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കണമെങ്കില്‍ അതിനുള്ള ഉത്തരവും നല്‍കി. ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ കുമ്പളയില്‍ എത്തി. രണ്ടു മണിക്കൂറിനകം തകരാര്‍ കണ്ടുപിടിച്ച് രാത്രി 12.15 മണിയോടെ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ജില്ലാ കളക്ടര്‍ക്കും എ എസ് പിക്കും ബിഗ് സല്യൂട്ട് എന്ന പ്രചരണം സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
