പത്തനംതിട്ട: വസ്തു എഴുതി വാങ്ങാന്‍ മകന്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് മാതാവിന്റെ പരാതി. പള്ളിക്കല്‍ സ്വദേശി ലിസി(65)യുടെ പരാതിയില്‍ മകന്‍ ജോറിൻ അറസ്റ്റിലായി.മുപ്പതുകൊല്ലത്തോളമായി ഗള്‍ഫിലും പിന്നീട് യുഎസിലും ജോലി ചെയ്ത ലിസി, നാലുമാസം മുന്‍പാണ് നാട്ടില്‍ തിരിച്ചെത്തിയത്. ലിസിക്കും ഭര്‍ത്താവിനും മൂന്ന് ആണ്‍മക്കളാണുള്ളത്. ഇതില്‍ രണ്ടാമനാണ് ജോറിൻ. രണ്ടുദിവസം മുന്‍പ് ജോറിനും ഭാര്യയും വീട്ടിലെത്തുകയും മാതാപിതാക്കളുടെ പേരിലുള്ള വസ്തുവകകള്‍ തന്റെ പേരിലേക്ക് എഴുതിവെക്കണമെന്ന് ആവശ്യപ്പെട്ട് തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. ഭയന്നുപോയ ലിസി വസ്തുവകകൾ എഴുതിക്കൊടുക്കാം എന്നു പറഞ്ഞു. ഇതിനിടെ ഇളയ മകൻ ഐറിൻ പൊലീസിനെ വിളിച്ചു. പൊലീസ് എത്തി ജോറിനെ കൂട്ടിക്കൊണ്ടു പോയെങ്കിലും തോക്കുകൾ കിട്ടിയില്ല.തിങ്കളാഴ്ച നടത്തിയ തെളിവെടുപ്പിനിടെ ജോറിന്‍ തോക്ക് കൈമാറുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ജോറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
