കാസര്‍കോട്: മൊഗ്രാല്‍ ജിവിഎച്ച്എസ്എസിലെ വികസന ഫണ്ടില്‍നിന്ന് 34 ലക്ഷത്തോളം രൂപ സാമ്പത്തിക ക്രമക്കേട് നടന്നെന്ന ആരോപണത്തെ തുടര്‍ന്ന് വിജിലന്‍സ് സംഘം ചൊവ്വാഴ്ച സ്‌കൂളിലെത്തി അന്വേഷണം ആരംഭിച്ചു. ഡിവൈ.എസ്.പി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലാണ് സംഘം അന്വേഷണം നടത്തുന്നത്.
മുന്‍ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് അനില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് വിജിലന്‍സിന്റെ അന്വേഷണത്തില്‍ വ്യക്തമായതായി വിവരമുണ്ട്. സ്‌കൂള്‍ പി.ടി.എ കുമ്പള പൊലീസിനും വിജിലന്‍സിനും ഡി.ഡി.ഇയ്ക്കും പരാതി നല്‍കിയിരുന്നു. സ്‌കൂളിന് അനുവദിച്ച 33.5 ലക്ഷം രൂപ കാണ്‍മാനില്ലെന്നാണ് പരാതി. നേരത്തെ സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രിന്‍സിപ്പല്‍ ചാര്‍ജ് വഹിച്ചിരുന്ന അധ്യാപകനെതിരെയാണ് ആരോപണം. സ്‌കൂളിലെ ക്ലാസ് റൂം നിര്‍മ്മാണത്തിനും, തൊഴില്‍ കോഴ്‌സ് അടക്കമുള്ള വികസന പദ്ധതികള്‍ക്കുമായി അനുവദിച്ച ലക്ഷങ്ങളാണ് തട്ടിയെടുത്തതെന്നാണ് ആരോപണമുയര്‍ന്നത്. രണ്ട് വര്‍ഷം മുമ്പാണ് അനില്‍ സ്‌കൂളില്‍ അധ്യാപകനായി ചുമതലയേറ്റത്. ഈ വര്‍ഷം ഇയാള്‍ മലപ്പുറത്തേക്ക് സ്ഥലം മാറിപ്പോയി. പിന്നീട് ചുമതലയേറ്റ അധ്യാപകനാണ് പണം തിരിമറി നടന്നതായി കണ്ടെത്തിയത്.
