തൃശൂര്‍: കുന്നംകുളം മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ ബാബു എം പാലിശ്ശേരി അന്തരിച്ചു. 67 വയസായിരുന്നു. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ടുദിവസം മുന്‍പാണ് ബാബു എം പാലിശ്ശേരിയെ കുന്നംകുളം യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. കുന്നംകുളം കടവല്ലൂര്‍ സ്വദേശിയാണ്. 2006 ലും 2011ലും കുന്നംകുളത്ത് നിന്ന് മത്സരിച്ച് നിയമസഭയിലെത്തി. സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗം, കുന്നംകുളം ഏരിയ സെക്രട്ടറി, ലൈബ്രറി കൗണ്‍സില്‍ തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ്, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ്പ്രസിഡന്റ്, കടവല്ലൂര്‍ പഞ്ചായത്ത് അംഗം, കടവല്ലൂര്‍ പഞ്ചായത്ത് പ്രതിപക്ഷ നേതാവ്, സിഐടിയു സംസ്ഥാന സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.മികച്ച പ്രാസംഗികനായിരുന്നു. ശങ്കരനാരായണന്‍ എന്ന പേരില്‍ ജനിച്ച ബാബു എം. പാലിശ്ശേരി, പി. രാമന്‍ നായര്‍ എന്ന ചിന്നപ്പന്‍ നായരുടെയും അമ്മിണിയമ്മയുടെയും മൂത്ത മകനാണ്. ഭാര്യ: ഇന്ദിര. മക്കള്‍: അശ്വതി പാലിശ്ശേരി, അഖില്‍ പാലിശ്ശേരി. സഹോദരങ്ങള്‍: അനിയന്‍, ബാലാജി, തങ്കമോള്‍, രാജി.
