കോഴിക്കോട്: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കണ്ണൂർ സ്വദേശി ഫൈസൽ(50) ആണ് പിടിയിലായത്. കുറ്റ്യാടി പത്തിരിപ്പറ്റ എന്ന സ്ഥലത്ത് നിന്നാണ് അധ്യാപകനെ പിടികൂടിയത്. പോക്സോ ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം കാണിച്ചു എന്നാരോപിച്ച് ബാലുശ്ശേരി സ്റ്റേഷനിൽ ഇയാൾക്കെതിരെ പരാതി ഉണ്ടായിരുന്നു. തുടർന്ന്, കേസ് റജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.പ്രതി തന്റെ മോട്ടോർസൈക്കിളിൽ എത്തിയാണ് കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ കണ്ടെത്തിയത്. ഇരുന്നൂറിലേറെ സിസിടിവികളിലെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പ്രതിയിലേക്ക് എത്തിയത്. ബാലുശ്ശേരി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.പി.ദിനേശിന്റെ നിർദേശപ്രകാരം ബാലുശ്ശേരി സബ് ഇൻസ്പെക്ടർ ഗ്രീഷ്മയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
