കൊല്ലം: കൊട്ടാരക്കരയില്‍ കിണറ്റില്‍ വീണ് മൂന്നുപേര്‍ മരിച്ച അപകടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
ഒപ്പം താമസിച്ചിരുന്ന 24 കാരനനായ ശിവകൃഷ്ണന്റെ മര്‍ദ്ദനം കാരണമാണ് അര്‍ച്ചന കിണറ്റില്‍ ചാടിയതെന്നാണ് നിഗമനം. കിണറ്റില്‍ ചാടിയ അര്‍ച്ചനയെ ആണ്‍ സുഹൃത്ത് ശിവകൃഷ്ണന്‍ മര്‍ദ്ദിച്ചിരുന്നതായി അര്‍ച്ചനയുടെ മക്കള്‍ പറയുന്നു. ഉപദ്രവം കാരണമാണ് മാതാവ് കിണറ്റില്‍ ചാടിയതെന്നും കുട്ടികള്‍ മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് മക്കളുള്ള അര്‍ച്ചനയെ ശിവകൃഷ്ണന്‍ മര്‍ദ്ദിച്ചിരുന്നതിന്റെ തെളിവായി ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു. മദ്യപിച്ച് സ്ഥിരം എത്താറുള്ള ശിവകൃഷ്ണന്‍ അര്‍ച്ചനയുമായി തര്‍ക്കത്തിലേര്‍പ്പെടാറുണ്ടെന്ന് അയല്‍ക്കാര്‍ പറയുന്നു. ഞായറാഴ്ച രാത്രിയും ഇതേ രീതിയില്‍ നടന്ന തര്‍ക്കത്തില്‍ അര്‍ച്ചനയ്ക്ക് മര്‍ദനമേല്‍ക്കുകയും കിണറ്റില്‍ ചാടുകയുമായിരുന്നുവെന്നാണ് വിവരം. മര്‍ദ്ദനത്തിന്റെ പാടുകളും മറ്റും 33 കാരിയായ അര്‍ച്ചന മൊബൈലില്‍ പകര്‍ത്തിയിരുന്നു. എന്നാല്‍ യുവതി കിണറ്റില്‍ ചാടിയപ്പോള്‍ ഫയര്‍ഫോഴ്സിനെ ഫോണ്‍ വിളിച്ചു വിവരം അറിയിച്ചത് ശിവകൃഷ്ണനാണ്. തിങ്കളാഴ്ച പുലര്‍ച്ചെ 12.15 ഓടെയാണ് സംഭവം. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ സോണി കിണറ്റില്‍ ഇറങ്ങിയപ്പോള്‍ ടോര്‍ച്ചടിച്ചത് യുവാവായിരുന്നു. മദ്യലഹരിയിലായിരുന്ന ശിവകൃഷ്ണന്‍ കിണറിന്റെ തകര്‍ന്ന കൈവരിയോട് ചേര്‍ന്ന് നിന്നിരുന്നു. ഫയര്‍ഫോഴ്‌സ് മാറാന്‍ ആവശ്യപ്പെട്ടിട്ടും വഴങ്ങിയില്ല. അതിനിടെയാണ് കൈവരിക്കൊപ്പം ശിവകൃഷ്ണനും കിണറില്‍ വീണത്. ഇഷ്ടികയും മറ്റും പതിച്ചത് സോണിയുടെയും അര്‍ച്ചനയുടെയും മുകളിലേക്കായിരുന്നു. മദ്യ ലഹരിയിലായിരുന്ന ശിവകൃഷ്ണന്റെ അശ്രദ്ധയാണ് ഈ അപകടത്തിലേക്ക് നയിച്ചതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
