കീഴ്വായ്പൂര്: ഓഹരി ഇടപാടിലെ സാമ്പത്തിക നഷ്ടം നികത്താന്‍ ആശാ പ്രവര്‍ത്തകയായ വീട്ടമ്മയുടെ സ്വര്‍ണാഭരണം മോഷ്ടിച്ചശേഷം വീടിനു തീവച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി പിടിയിലായി. പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കായംകുളം ഓച്ചിറ കൃഷ്ണപുരം സജിന മന്‍സിലില്‍ സുമയ്യ (30) ആണ് അറസ്റ്റില്‍ ആയത്. കീഴ്വായ്പൂര് പുളിമല രാമന്‍കുട്ടിയുടെ ഭാര്യ പി.കെ.ലതാകുമാരി(61)യെയാണ് സുമയ്യ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം ആണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ലതാകുമാരി കോട്ടയം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
കോയിപ്രം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയാണ് സുമയ്യ. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കുറ്റകൃത്യത്തിന് ഇവരെ പ്രേരിപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഓഹരി ട്രേഡിങ് ഇടപാടുകളും ഓണ്‍ലൈന്‍ ലോണ്‍ ആപ്പില്‍ നിന്നെടുത്ത വായ്പകളുമാണ് സുമയ്യയെ കടക്കെണിയിലെത്തിച്ചത്. കൈവശമുണ്ടായിരുന്ന 14 പവന്‍ സ്വര്‍ണം പണയം വച്ചുവരെ ഇവര്‍ പണമിടപാടുകള്‍ നടത്തി. ഓഹരി വിപണിയിലെ ട്രേഡിങ് ഇടപാടുകളിലൂടെ സുമയ്യയ്ക്ക് 50 ലക്ഷം രൂപയിലേറെ നഷ്ടമായി. സുഹൃത്തുകൂടിയായ ലതയോട് ഒരുലക്ഷം രൂപ വായ്പ ചോദിക്കുന്നത്. ഇത് കിട്ടാതെ വന്നപ്പോള്‍ സ്വര്‍ണാഭരണങ്ങള്‍ തരണമെന്ന് ആവശ്യപ്പെട്ടു. വിസമ്മതമറിയിച്ചതോടെ
ലതയുടെ സ്വര്‍ണാഭരണം തട്ടിയെടുത്ത് കടം വീട്ടാനായിരുന്നു സുമയ്യയുടെ ഉദ്ദേശ്യം. വ്യാഴാഴ്ച വൈകീട്ട് നാലരയോടെ ഏഴുമാസം പ്രായമുള്ള ഇളയകുട്ടിയുമായി സുമയ്യ പുളിമല വീട്ടിലെത്തി. ലതയുടെ ഭര്‍ത്താവ് രാമന്‍കുട്ടി വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് എത്തിയത്. കുട്ടിയെ അടുത്ത മുറിയില്‍ കിടത്തിയ ശേഷം കത്തികാട്ടി ഭീഷണിപ്പെടുത്തി ലതാകുമാരിയെ പിടിച്ചുകെട്ടിയിട്ടു. സ്വര്‍ണാഭരണങ്ങള്‍ ഊരിയെടുത്തു. ലതയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീയുംകൊളുത്തി. തീപടര്‍ന്നതോടെ കുഞ്ഞിനെ എടുത്ത് സുമയ്യ സ്ഥലം വിട്ടു. എന്നാല്‍ പൊള്ളലേറ്റ ലത അടുത്തവീട്ടിലേക്ക് ഓടിപ്പോയി. അവര്‍ ലതയെ ഉടന്‍ ഓട്ടോ വിളിച്ചുവരുത്തി ആശുപത്രിയിലെത്തിച്ചു. അവിടെ വച്ച് സുമയ്യയാണ് ആക്രമണം നടത്തിയതെന്ന് ലത പൊലിസിനോട് പറഞ്ഞു. ശനിയാഴ്ച വൈകുന്നേരത്തോടെ സുമയ്യയെ പൊലീസ് പിടികൂടി. മോഷ്ടിച്ച സ്വര്‍ണം പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ ശൗചാലയ ഫ്‌ലഷ് ടാങ്കില്‍നിന്ന് കണ്ടെത്തി. കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
