കോഴിക്കോട്: പേരാമ്പ്രയിൽ യുഡിഎഫ് – സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജിൽ പരിക്കേറ്റ ഷാഫി പറമ്പിൽ എംപിയെ അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയനാക്കി. ടി സിദ്ദിഖ് എംഎൽഎ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഷാഫിയുടെ മൂക്കിന്റെ എല്ലിന് രണ്ട് പൊട്ടലുണ്ടെന്നും ശസ്ത്രക്രിയ വേണമെന്നും ഡോക്ടർമാർ അറിയിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് മൂക്കിന്റെ പൊട്ടൽ കണ്ടെത്തിയത്. പിന്നാലെ അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയനാക്കി. ഷാഫിക്ക് 5 ദിവസത്തെ വിശ്രമം വേണമെന്നു ഡോക്ടർമാർ അറിയിച്ചുവെന്നും ടി സിദ്ദീഖ് ഫേസ്ബുക്കിൽ കുറിച്ചു. പേരാമ്പ്ര സികെജി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങളെ തുടർന്ന് പോലീസ് മർദ്ദനത്തിൽ ഷാഫി പറമ്പിൽ എംപി അടക്കം പത്തോളം യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. മൂക്കിൽ നിന്ന് ചോരയിലായിരുന്നു ഷാഫിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം ഷാഫിക്ക് പരിക്കേറ്റത് ലാത്തി ചാര്‍ജിലല്ലെന്നാണ് കോഴിക്കോട് റൂറല്‍ എസ്പി പറയുന്നത്. പ്രതിഷേധ പ്രകടനത്തിന് നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തിയിട്ടില്ല. ഉണ്ടെങ്കില്‍ വീഡിയോ കാണിക്കട്ടെയെന്ന് എസ്പി പറയുന്നു. സംഘർഷത്തിൽ ഡിവൈഎസ്പി അടക്കമുള്ള പൊലീസുകാർക്കും പരിക്കുണ്ട്. ഷാഫിയെ മർദിച്ചതിനെ തുടർന്ന് കോൺഗ്രസ് പ്രവർത്തകർ രാത്രി വൈകിയും സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനം നടത്തി.മര്‍ദനത്തിന് നേതൃത്വം നല്‍കിയ പോലീസുകാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് വരെ പ്രതിഷേധം തുടരുമെന്ന് ടി.സിദ്ദിഖ് എം.എല്‍.എ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഉള്‍പെട്ടിട്ടുള്ള സ്വര്‍ണ കള്ളക്കടത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് പൊലീസ് നടപടിയെന്ന് ഷാഫി പറമ്പില്‍ എം.പി ആരോപിച്ചു. ശനിയാഴ്ച പേരാമ്പ്രയില്‍ യുഡിഎഫ് പ്രതിഷേധസംഗമമുണ്ട്. പരിപാടിവൈകിട്ട് മൂന്നിന് കെ. സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.







