തിരുവനന്തപുരം: ശബരിമലയിലെ അമ്പലം വിഴുങ്ങലിനെതിരെയും കോണ്‍ഗ്രസ് എം പി ഷാഫി പറമ്പലിനെതിരെയുണ്ടായ പൊലീസ് അക്രമത്തിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം രൂക്ഷമായി.
ശബരിമലയില്‍ നിന്നു സ്വര്‍ണ്ണം കട്ടവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പേരാമ്പ്രയില്‍ ഇന്നലെ രാത്രി നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിനെതിരെയുണ്ടായ പൊലീസ് ഇടപെടലിലാണ് ഷാഫിയുടെ മുഖത്ത് ലാത്തിയടിയേറ്റത്. മൂക്കിനു സാരമായി പരിക്കേറ്റ ഷാഫി ചികിത്സയിലാണ്.
സംഭവങ്ങളില്‍ പ്രതിഷേധിച്ചു കോഴിക്കോട്ട് ഐ ജി ഓഫീസിലേക്കും കാഞ്ഞങ്ങാട് ഡിവൈ എസ് പി ഓഫീസിലേക്കും മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ശക്തമായ ബലപ്രയോഗം നടന്നു.

കോട്ടയത്തു ദേവസ്വം മന്ത്രി വാസവന്റെ വീട്ടിലേക്കു ബി ജെ പി നടത്തിയ മാര്‍ച്ചും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. മാര്‍ച്ചു തടയാന്‍ ശ്രമിച്ച പൊലീസും ബി ജെ പി പ്രവര്‍ത്തകരുമായി ബലപ്രയോഗവുമുണ്ടായിരുന്നു.
ഇതേ ആവശ്യമുന്നയിച്ചു സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് -ബി ജെ പി പ്രവര്‍ത്തകര്‍ മാര്‍ച്ചും റോഡ് തടയലും നടത്തി. ഇത് സംസ്ഥാനത്തു അരാജകാവസ്ഥയുടെ പ്രതീതിയുണ്ടാക്കി.
അമ്പലം വിഴുങ്ങികളെ കൃത്യമായി കണ്ടെത്തണമെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെ പ്രതിഷേധക്കാര്‍ രൂക്ഷമായി പ്രതികരിച്ചു. നടപടികള്‍ ഉണ്ടായില്ലെങ്കില്‍ സംസ്ഥാനം പ്രതിഷേധ കേന്ദ്രമായേക്കുമെന്ന് ആശങ്കയുണ്ട്.








