മധൂര്‍ : കേരളോത്സവം ഒഴിവാക്കിയ മധൂര്‍ പഞ്ചായത്ത് നിലപാടില്‍ യൂത്ത് ലീഗ് പ്രതിഷേധിച്ചു. യുവാക്കളുടെ സര്‍ഗ്ഗവാസന പരിപോഷിപ്പിക്കാനുള്ള അവസരം ഭരണ സമിതി പഞ്ചായത്തിലെ യുവാക്കള്‍ക്കു നിഷേധിച്ചു.
പഞ്ചായത്ത് സ്റ്റേഡിയം സംരക്ഷിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
പഞ്ചായത്ത് ഓഫീസിന് മുന്നില്‍ യുവാക്കള്‍ ഫുട്ബോള്‍ കളിച്ചു കൊണ്ടാണ് പ്രതിഷേധിച്ചത്. കഴിഞ്ഞ വര്‍ഷം കേരളോത്സവ മത്സരഫലങ്ങള്‍ അട്ടിമറിച്ചത് തര്‍ക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വഴിവെച്ചിരുന്നുവെന്നു യൂത്ത്‌ലീഗ് ആരോപിച്ചു.
ഈ വര്‍ഷം ഉത്സവം നടത്തിയാല്‍ അതിന്റെ തുടര്‍ച്ചയുണ്ടാകുമെന്നും, അത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നും ഭയന്നാണ് ഭരണസമിതി കേരളോത്സവം വേണ്ടന്ന് വച്ചതെന്നു സമരക്കാര്‍ ആരോപിച്ചു. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു.
ഭരണസമിതിയിലെ തമ്മിലടി നാട്ടിലെ യുവശക്തിയെ തളര്‍ത്തരുതെന്നു അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പഞ്ചായത്ത് ഗ്രൗണ്ടിന്റെ സ്ഥാനത്ത് മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി (എം.സി.എഫ്.) സ്ഥാപിക്കാനുള്ള ഭരണസമിതിയുടെ നീക്കത്തില്‍ ദുരൂഹതയുണ്ടെന്നും സ്റ്റേഡിയം തകര്‍ത്ത് എം.സി.എഫ്. നിര്‍മ്മിക്കാനുള്ള ഗൂഢശ്രമത്തില്‍ നിന്ന് ഭരണസമിതി അടിയന്തരമായി പിന്മാറണമെന്നും സമരം ആവശ്യപ്പെട്ടു.
ശിഹാബ് പാറക്കട്ട അധ്യക്ഷത വഹിച്ചു. കലന്തര്‍ ഷാഫി, ഹബീബ് ചെട്ടുംകുഴി, ഷൗക്കത്ത് കാളിയങ്ങാട്, ജുനൈദ് ചൂരി, മുസ്തഫ പള്ളം, അലി ഉളിയത്തടുക്ക, മുസ്തഫ ഇസ്സത്ത് നഗര്‍, നവാസ്, ബാസില്‍ ചൂരി, സമദ് പാറക്കട്ട, ഇക്ബാല്‍ ചൂരി, നൂറുദ്ദീന്‍ പുളിക്കൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
