കാസര്‍കോട്: നഗരത്തിലെ തട്ടുകടകളില്‍ രാത്രികാല ശുചിത്വ പരിശോധന നടത്തി ആരോഗ്യ വകുപ്പും ഫുഡ് സേഫ്റ്റിയും നഗരസഭയും. കഴിഞ്ഞ രാത്രിയിലാണ് പതിനൊന്നംഗ ഉദ്യോഗസ്ഥരുടെ സംഘം നഗര സഭയിലെ തട്ടുകടകളില്‍ പരിശോധന നടത്തിയത്. പരിശോധിച്ച പന്ത്രണ്ട് കടകളില്‍ എഴെണ്ണത്തിനും ശുചിത്വനിലവാരമുയര്‍ത്താന്‍ വേണ്ട നോട്ടീസ് നല്‍കി. പുകയില നിയന്ത്രണ നിയമം ലംഖിച്ച നാല് കടകള്‍ക്ക് പിഴ ചുമത്തി. നഗരത്തിലെ തട്ടുകടകളെക്കുറിച്ച് നിരവധി പരാതികളാണ് ആരോഗ്യ വകുപ്പിന് ലഭിക്കുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.രാംദാസ് അറിയിച്ചു. ജില്ലയിലെ പലഭാഗത്തു നിന്നും ഇടയ്ക്കിടെ ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്യുന്നതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം ജില്ലാകളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തട്ടുകടകളിലെ രാത്രികാല പരിശോധനയ്ക്ക് തുടക്കമായത്. ടെക്‌നിക്കല്‍ അസിസ്റ്റന്റ് ആര്‍. ബിമല്‍ഭൂഷന്‍, ഫുഡ് സേഫ്റ്റി ഓഫീസര്‍ പി.ബി ആദിത്യന്‍, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ എന്‍.എ. ഷാജു, ക്‌ളീന്‍ സിറ്റി മാനേജര്‍ മധുസൂദനന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി.വി. സജീവന്‍, മധു. കെ, ജെ.എച്ച്.ഐ മാരായ രാധാകൃഷ്ണന്‍ കെ.ജി, ആശ മേരി, ജിബി. ജി. ആര്‍, സുനില്‍ കുമാര്‍, ജനാര്‍ദ്ദനന്‍ എന്നിവര്‍ പങ്കെടുത്തു.
