ആലപ്പുഴ: വിവാദ പ്രസംഗവുമായി കായംകുളം എംഎല്‍എ യു. പ്രതിഭ. കട ഉദ്ഘാടനത്തിന് ഉടുപ്പില്ലാത്ത സിനിമാ താരങ്ങളെ കൊണ്ടുവരുന്നതാണ് പുതിയ സംസ്‌കാരം. തുണിയുടുക്കാത്ത താരം വന്നാല്‍ എല്ലാവരും ഇടിച്ചു കയറുകയാണെന്ന് എംഎല്‍എ പറഞ്ഞു. കായംകുളം എരുവ നളന്ദ കലാസാംസ്‌കാരിക വേദി ഗ്രന്ഥശാലയുടെ 34 -ാം വാര്‍ഷിക ആഘോഷത്തിന്റെ സമാപനവേദിയില്‍ സംസാരിക്കുകയായിരുന്നു യു.പ്രതിഭ എംഎല്‍എ. സിനിമാക്കാരോട് സമൂഹത്തിന് ഒരുതരം ഭ്രാന്താണ്. എന്തിനാണ് ഇതെന്ന് മനസിലാകുന്നില്ല. ഉടുപ്പിടാതെ സിനിമാ താരങ്ങള്‍ എത്തിയാല്‍ ആളുകള്‍ അങ്ങോട്ട് ഇടിച്ചുകയറും. ഇത്രയ്ക്ക് വായിനോക്കികളാണോ കേരളത്തിലെ മനുഷ്യര്‍? ഇത് നിര്‍ത്തണം, തുണി ഉടുത്ത് വന്നാല്‍ മതി എന്ന് അവരോട് പറയണം. ഇതൊക്കെ പറയുന്നത് സദാചാരം ആണെന്ന് പറഞ്ഞ് തന്റെ നേരെ വരരുതെന്നും മാന്യമായ വസ്ത്രധാരണം അനുസരിക്കേണ്ടത് തന്നെയാണെന്നും യു പ്രതിഭ പറഞ്ഞു.
നടന്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ടെലിവിഷന്‍ പരിപാടിയെ രൂക്ഷമായാണ് അവര്‍ വിമര്‍ശിച്ചത്. ഇപ്പോള്‍ വൈകുന്നേരങ്ങളില്‍ ഒരു ഒളിഞ്ഞുനോട്ട പരിപാടിയുണ്ട്. മറ്റുള്ളവര്‍ ഉറങ്ങുന്നത് ഒളിഞ്ഞു നോക്കുന്നതാണ് പരിപാടി. അവരുടെ വസ്ത്രം ഇറുകിയതാണോ എന്നൊക്കെ കമന്റ് ചെയ്യുന്നതാണ് രീതിയെന്നും യു പ്രതിഭ പറഞ്ഞു. അനശ്വരനടനാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. ജനാധിപത്യത്തില്‍ വരേണ്ടത് താരരാജാക്കന്മാര്‍ അല്ല. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പച്ച മനുഷ്യരാണെന്ന് ധൈര്യത്തോടെ പറയാന്‍ നമ്മള്‍ തയാറാവണം” -എംഎല്‍എ പറഞ്ഞു.
