തിരുവനന്തപുരം: ഡയാലിസിസ് രോഗിയായ ഭാര്യയെ കൊലപ്പെടുത്തി ആശുപത്രി കെട്ടിടത്തിന് മുകളില്‍നിന്ന് താഴേക്ക് ചാടിയ ഭര്‍ത്താവും മരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി. ആശുപത്രിയില്‍ ഡയാലിസിസിനെത്തിയ കരകുളം സ്വദേശി ജയന്തിയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ഭാസുരേന്ദ്രന്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വ്യാഴാഴ്ച രാവിലെയാണ് സംഭവം.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജയന്തി എസ്.യു.ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൂടെ ഭര്‍ത്താവ് ഭാസുരേന്ദ്രനും ഉണ്ടായിരുന്നു. ഇലക്ട്രിക് ബെഡ് ചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കുന്ന കേബിള്‍ ഉപയോഗിച്ചായിരുന്നു ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയത്. ശേഷം അഞ്ചാമത്തെ നിലയില്‍നിന്ന് താഴേക്ക് ചാടുകയായിരുന്നു. ആശുപത്രിയുടെ അകത്ത് സ്റ്റെയര്‍കെയ്‌സിന് അടുത്തായാണ് ഇയാള്‍ വീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഭാസുരേന്ദ്രന്‍ ആശുപത്രിയില്‍ വച്ച് മരിച്ചു. ഭാസുരേന്ദ്രനില്‍നിന്ന് മൊഴിയെടുക്കാന്‍ പൊലീസിനായിട്ടില്ല. ജയന്തിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് കുടുംബത്തിന് വലിയരീതിയില്‍ സാമ്പത്തികപ്രതിസന്ധി ഉണ്ടായിരുന്നതായാണ് പൊലീസ് വ്യക്തമാക്കുന്നത്.
