പാലക്കാട്: വാണിയംകുളത്ത് ഡിവൈഎഫ്‌ഐ നേതാക്കള്‍ ആക്രമിച്ച യുവാവിന്റെ ആരോഗ്യനില അതീവ ഗുരുതരം. യുവാവ് വെന്റിലേറ്ററില്‍ നിരീക്ഷണത്തിലാണ്. വാണിയംകുളം പനയൂര്‍ സ്വദേശി വിനേഷി(38)ന്റെ ശരീരത്തില്‍ നിരവധി പരിക്കുകളുണ്ട്. തലക്കേറ്റ പരിക്കുകള്‍ അതീവ ഗുരുതരമാണെന്നു പൊലീസ് പറയുന്നു. സമൂഹമാധ്യമത്തില്‍ പോസ്റ്റിന് താഴെ കമന്റിട്ടതിന്റെ പേരിലാണ് ആക്രമണമെന്നാണ് വിവരം.
ഡിവൈഎഫ്ഐ ഷൊര്‍ണൂര്‍ ബ്ലോക്ക് ഭാരവാഹികളുടെ നേതൃത്വത്തിലാണ് ക്രൂരമര്‍ദനമെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ആക്രമണം വ്യക്തിപരമായ തര്‍ക്കങ്ങളെ തുടര്‍ന്നാണെന്ന് സിപിഎം പ്രതികരിച്ചു. ബുധനാഴ്ച രാത്രി വാണിയംകുളത്തായിരുന്നു സംഭവം നടന്നത്. മര്‍ദനമേറ്റ് അവശനായ വിനേഷിനെ അജ്ഞാതര്‍ ഓട്ടോയില്‍ വീട്ടില്‍ കൊണ്ടുവിടുകയായിരുന്നു. ശബ്ദംകേട്ട് വീട്ടുകാര്‍ വാതില്‍ തുറന്നപ്പോള്‍ രക്തത്തില്‍ കുളിച്ച വിനേഷിനെയാണ് കണ്ടത്. പിന്നാലെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലെ ഇന്റിമേഷന്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ 3 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.
