തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിൽ വൻ തീപിടിത്തം; 10 കടകൾ പൂർണമായും കത്തിയമർന്നു, കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം, ഫയർഫോഴ്സ് എത്താൻ വൈകിയെന്ന് ആരോപണം

കണ്ണൂർ: തളിപ്പറമ്പിൽ വ്യാപാര സമുച്ചയത്തിൽ വൻ തീപിടിത്തം. ബസ് സ്റ്റാൻഡിനു സമീപത്തെ കെവി കോംപ്ലക്സിലുള്ള കളിപ്പാട്ട വിൽപനശാലയിൽ വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് തീപിടിത്തമുണ്ടായത്. ഇത് സമീപത്തെ മറ്റു കടകളിലേക്കും പടരുകയായിരുന്നു. മൂന്നു നില കെട്ടിടത്തിലെ 10 കടകൾ പൂർണമായും കത്തിയമർന്നു. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീ പിടിച്ചതെന്ന് സംശയിക്കുന്നു. ആളപായമുണ്ടായതായി വിവരമില്ല. രണ്ടു കോംപ്ലക്സുകളിലെ അൻ‌പതോളം സ്ഥാപനങ്ങളിലേക്ക് തീ പടർന്നതായി വ്യാപാരികൾ പറഞ്ഞു. തീപിടിത്തമുണ്ടായ കട‌യ്ക്കു സമീപത്തെ തുണിക്കടകളിലേക്കും മൊബൈൽ ഫോൺ വിൽപനശാലകളിലേക്കും തീ പടർന്നത് സ്ഥിതി ഗുരുതരമാക്കി. കടകളിലെ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതോടെ തീ അതിവേഗം പടരാൻ കാരണമായി. കോംപ്ലക്സിൽ നിരവധി കടകൾ പ്രവർത്തിക്കുന്നുണ്ട്. ഉള്ളിലെ കടകളിലേക്കും തീ പടർന്നോയെന്ന് വ്യക്തമല്ല. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ അഗ്നിരക്ഷാസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിക്കുകയാണ്.  എട്ടു ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കുകയാണ്. തീ സമീപ കെട്ടിടങ്ങളിലേക്ക് പടരുന്നത് ഒഴിവാക്കാനായെന്ന് ജില്ലാ ഫയർ ഓഫിസർ പറഞ്ഞു. അതേസമയം, തീപിടിച്ച് അരമണിക്കൂറിലേറെ കഴിഞ്ഞാണ് തളിപ്പറമ്പ് ഫയർഫോഴ്സ് പോലും സ്ഥലത്തെത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page