കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. പവന് 160 രൂപയും ഗ്രാമിന് 20 രൂപയും കൂടി. പവന് 91,040 രൂപയും ഗ്രാമിന് 11, 380 രൂപയായി.
ബുധനാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 90,000 കടന്നത്. സെപ്റ്റംബര്‍ 9 നാണ് സ്വര്‍ണവില ആദ്യമായി എണ്‍പതിനായിരം പിന്നിട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. ഒരു മാസത്തിനിടെ പവന് പതിനായിരം രൂപയിലധികമാണ് വര്‍ധിച്ചത്. ഇന്നലെ മാത്രം രണ്ടു തവണകളായി 1400 രൂപയാണ് വര്‍ധിച്ചത്.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിക്ഷേപകര്‍ ലാഭമെടുപ്പിന് മുതിര്‍ന്നതോടെയാണ് വിപണിയില്‍ ഇടിവുണ്ടായത്. സ്‌പോട്ട് ഗോള്‍ഡ് വില 0.4 ശതമാനം ഇടിഞ്ഞ് 4,020.99 ഡോളറായി. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.7 ശതമാനം ഇടിഞ്ഞ് 4,040.70 ഡോളറായി.
സ്വര്‍ണ വില പുതിയ റെക്കോര്‍ഡിടുമ്പോള്‍ ഒരു പവന്‍ വാങ്ങാനുള്ള ചെലവ് ഒരു ലക്ഷം കടന്നു കുതിക്കുകയാണ്. 10 ശതമാനം പണിക്കൂലിയില്‍ ഒരു പവന്റെ ആഭരണത്തിന് 1.01 ലക്ഷം രൂപ നല്‍കണം. 9104 രൂപയാണ് 10 ശതമാനം പണിക്കൂലിയായി നല്‍കേണ്ടത്. സ്വര്‍ണ വിലയോടൊപ്പം ഹാള്‍മാര്‍ക്കിങ് ചാര്‍ജായ 53 രൂപയും (45 രൂപ+ 18% ജിഎസ്ടി) മൂന്ന് ശതമാനം ജിഎസ്ടിയും അടങ്ങുന്നതാണ് സ്വര്‍ണാഭരണത്തിന്റെ വില. ഇന്നത്തെ നിരക്കില്‍ ഒരു പവന്റെ ആഭരണത്തിന് ഒരുലക്ഷത്തിലേറെ രൂപയാണ് നല്‍കേണ്ട തുക. അന്താരാഷ്ട്ര വിപണി നിരക്കുകള്‍, ഇറക്കുമതി തീരുവകള്‍, നികുതികള്‍, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വര്‍ണ്ണ വിലയെ സ്വാധീനിക്കുന്നത്. വൈകാതെ ഒരുലക്ഷത്തിലെത്തുമെന്നാണ് വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍, നിലവില്‍, യുഎസ് ഗവണ്‍മെന്റ് അടച്ചുപൂട്ടലും ഫ്രാന്‍സിലെ രാഷ്ട്രീയ പ്രതിസന്ധിയും വിപണികളില്‍ കൂടുതല്‍ സാമ്പത്തിക അനിശ്ചിതത്വം സൃഷ്ടിച്ചതിനെത്തുടര്‍ന്നാണ് സ്വര്‍ണവില കുത്തനെ ഉയര്‍ന്നത്.
