കാസര്‍കോട്: ശബരിമലയിലെ സ്വര്‍ണകൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ കാസര്‍കോട് കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജില്ലാ പ്രസിഡന്റ് എംഎല്‍ അശ്വനിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിനെ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ഇതോടെ ചില പ്രവര്‍ത്തകര്‍ ബാരിക്കേഡ് ചാടിക്കടക്കാന്‍ ശ്രമിച്ചു. സംഘര്‍ഷാവസ്ഥയിലെത്തിയതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുല്ലകുട്ടിയാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്.

സംസ്ഥാന സെല്‍കോഡിനേറ്റര്‍ വി.കെ.സജീവന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.ആര്‍.സുനില്‍, എന്‍.ബാബുരാജ്, മനുലാല്‍ മേലത്ത് സംസാരിച്ചു. വിദ്യാനഗറില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചിന് ജില്ലാ വൈസ് പ്രസിഡന്റുമാരായ പി.രമേശ്, എച്ച്.ആര്‍.സുകന്യ, എം.ഭാസ്‌കരന്‍,എം.ബല്‍രാജ്, സെക്രട്ടറിമാരായ എന്‍.മധു, ലോകേഷ് നോണ്ട, സഞ്ചീവപുളിക്കൂര്‍, കെ.എം.അശ്വിനി, കെ.ടി.പുരുഷോത്തമന്‍, പുഷ്പ ഗോപാലന്‍, സെല്‍കോഡിനേറ്റര്‍ സുകുമാര്‍ കുദ്രെപ്പാടി, ഖജാന്‍ജി വീണഅരുണ്‍ഷെട്ടി, മേഖല വൈസ് പ്രസിഡന്റ് വിജയ്കുമാര്‍റൈ, സംസ്ഥാന സമതി അംഗങ്ങളായ എ.വേലായുധന്‍, സവിത ടീച്ചര്‍, സതീഷ് ചന്ദ്രഭണ്ഡാരി, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.എസ്.രമണി, ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ് സുഹൈല്‍ കൂളിയംങ്കാല്‍ ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.പി.വത്സരാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കോഴിക്കോട് കളക്ടറേറ്റിലേക്ക് നടന്ന മാര്‍ച്ചിലും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.










