കാസര്‍കോട്: മഞ്ചേശ്വരം, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കടമ്പാറില്‍ യുവ അധ്യാപികയും ഭര്‍ത്താവും വിഷം കഴിച്ചു ജീവനൊടുക്കിയ സംഭവത്തില്‍ ദുരൂഹത ഏറുന്നു. സ്‌കൂട്ടറില്‍ എത്തിയ രണ്ടു സ്ത്രീകള്‍ അധ്യാപികയെ കയ്യേറ്റം ചെയ്യുന്ന സി സി ടി വി ക്യാമറയിലെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണിത്.
കടമ്പാറിലെ അജിത്ത് (35), ഭാര്യയും സ്വകാര്യ സ്‌കൂളിലെ അധ്യാപികയുമായ ശ്വേത (27) എന്നിവര്‍ കഴിഞ്ഞ ദിവസമാണ് വിഷം കഴിച്ചു ജീവനൊടുക്കിയത്. മൂന്നു വയസ്സുള്ള മകനെ ബന്തിയോടുള്ള അനിലിന്റെ സഹോദരിയുടെ വീട്ടിലാക്കിയ ശേഷം വീട്ടില്‍ തിരികെ എത്തിയ ശേഷമാണ് ഇരുവരും വിഷം കഴിച്ചത്. ഗുരുതരനിലയില്‍ ദേര്‍ളക്കട്ടയിലെ ആശുപത്രി ചികിത്സയിലിരിക്കെയാണ് ഇരുവരും മരണത്തിനു കീഴടങ്ങിയത്.
പറയത്തക്ക പ്രശ്‌നങ്ങളൊന്നും അജിത്തിനോ ഭാര്യയ്‌ക്കോ ഉണ്ടായിരുന്നില്ലെന്നു ബന്ധുക്കള്‍ പറയുന്നു. ഇതിനിടയിലാണ് ശ്വേതയെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നത്. ഒരു സ്ത്രീ സ്‌കൂട്ടറില്‍ ഇരിക്കുകയും രണ്ടാമത്തെ സ്ത്രീ ശ്വേതയെ കയ്യേറ്റം ചെയ്യുന്ന രംഗങ്ങളുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്. വീട്ടിനടുത്ത് വച്ചാണ് സംഭവം നടത്തുന്നതെന്നു ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ സ്‌കൂട്ടറില്‍ എത്തിയവര്‍ ആരാണെന്നു വ്യക്തമല്ല. കയ്യേറ്റം ചെയ്തവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
