കാസര്‍കോട്: സീതാംഗോളി ടൗണില്‍ യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ മുഖ്യപ്രതികളില്‍ ഒരാളായ നീര്‍ച്ചാല്‍, ബേള, ചൗക്കാര്‍ ഹൗസില്‍ അക്ഷയി (34)നെ കോടതി രണ്ടാഴ്ചത്തേയ്ക്ക് റിമാന്റു ചെയ്തു. ഞായറാഴ്ച രാത്രി 11.30മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ബദിയഡുക്കയിലെ മത്സ്യവില്‍പ്പനക്കാരനായ അനില്‍കുമാറിനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് അക്ഷയിനെ അറസ്റ്റു ചെയ്തത്. സംഭവത്തില്‍ 13 പേര്‍ക്കെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തിട്ടുള്ളത്. മറ്റു 12 പ്രതികളും കര്‍ണ്ണാടകയിലേയ്ക്ക് മുങ്ങിയിരിക്കുകയാണെന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള വിവരം. ഈ പ്രതികളെ കണ്ടെത്തുന്നതിന് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ പി കെ ജിജീഷിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.
കഴുത്തില്‍ കുത്തേറ്റ അനില്‍കുമാര്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
