കുമ്പള : കുമ്പളയിലെ അഭിഭാഷകയുടെ ആത്മഹത്യക്കു പിന്നില്‍ അഭിഭാഷകരുടെ തൊഴില്‍ മത്സരവും കാരണമെന്നു ആരോപണമുയരുന്നു. അതേസമയം, സംഭവം സി.പി.എം – സി.പി.ഐ സൗഹൃദ ഏറ്റുമുട്ടലിനിടയാക്കിയിട്ടുണ്ടെന്നും സൂചനയുണ്ട്.
സാമൂഹ്യ-രാഷ്ട്രീയ – അഭിഭാഷക രംഗങ്ങളില്‍ വളരെപ്പെട്ടെന്ന് രഞ്ജിത ശ്രദ്ധേയയായിരുന്നു. സി.പി.എമ്മിലും പാര്‍ട്ടിയുടെ വിവിധ പോഷക സംഘടനകളിലും പ്രധാന ചുമതലകള്‍ വഹിക്കുന്നുണ്ടായിരുന്നു. സി.പി.എം. അഭിഭാഷക സംഘടനയുടെ ജില്ലാ ട്രഷററുമായിരുന്നു. തിരക്കുള്ള അഭിഭാഷകയുമായിരുന്നു. സി.പി.ഐ. സഹയാത്രികനും അഭിഭാഷകനുമായ അനില്‍കുമാറുമായിച്ചേര്‍ന്നാണ് രഞ്ജിത കുമ്പളയില്‍ അഭിഭാഷക ഓഫീസ് ആരംഭിച്ചത്. മറ്റൊരു ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന അനില്‍കുമാര്‍ ആഴ്ചയില്‍ രണ്ടു ദിവസമേ അഭിഭാഷക ഓഫീസില്‍ എത്തിയിരുന്നുള്ളൂ. മറ്റു ദിവസങ്ങളില്‍ ഇരുവരുടെയും കേസുകള്‍ക്കു കോടതിയില്‍ ഹാജരായിരുന്നതു രഞ്ജിതയായിരുന്നു. തിരക്കുപിടിച്ച ദിവസങ്ങളില്‍ ഇരുവരുടെയും സുഹൃത്തായിരുന്ന അഡ്വ.സുഭാഷ് ബോസാണ് രഞ്ജിതയെ സഹായിച്ചിരുന്നതെന്നു പറയുന്നു. ഈ സൗഹൃദമാണ് കേസില്‍ പ്രതിയായ അനില്‍കുമാറിനു ജാമ്യത്തിനു വേണ്ടി കോടതിയില്‍ ഹാജരാകാന്‍ സുഭാഷ് ബോസിനെ പ്രേരിപ്പിച്ചതെന്നും സൂചനയുണ്ട്. ആ സംഭവത്തിന്റെ പേരിലാണ് സി.പി.എം. അഭിഭാഷക സംഘടനാ ജില്ലാ കമ്മിറ്റി അംഗമായ അഡ്വ.സുഭാഷ് ബോസിനെ കഴിഞ്ഞ ദിവസം ചേര്‍ന്ന യൂണിയന്‍ അടിയന്തരയോഗം ആറുമാസത്തേക്കു സംഘടനയില്‍ നിന്നു പുറത്താക്കിയത്. എന്നാല്‍ ഈ സംഭവത്തിലൂടെ സി.പി.ഐ.യോടുളള സൗഹൃദ പോരാട്ടത്തിനും വഴിതുറക്കുകയായിരുന്നെന്നു പറയുന്നു.
അടുത്തിടെ നടന്ന കാസര്‍കോട് ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപി പാനലിനെതിരെ സിപിഐ യെ ഒഴിവാക്കി സിപിഎം ഇന്ത്യ മുന്നണി സഖ്യം രൂപീകരിച്ചിരുന്നു. കോണ്‍ഗ്രസിനെയും മുസ്ലിംലീഗിനെയും ഒപ്പം കൂട്ടിയായിരുന്നു ഇത്. ഇന്‍ഡ്യാ സഖ്യം രൂപീകരണത്തോടെ കോണ്‍ഗ്രസിന്റെ വക്കീല്‍ സംഘടന ഭിന്നിച്ചു. സിപിഐ ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നെങ്കിലും പിന്നീട് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ബിജെപി തിരഞ്ഞെടുക്കപ്പെടരുതെന്ന നിലപാട് എടുക്കുകയും ചെയ്തു.ഇന്ത്യ സഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി എ ഗോപാലന്‍ നായര്‍ക്ക് അവര്‍ വോട്ട് ചെയ്യുകയും ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിന് അദ്ദേഹം വിജയിക്കുകയും ചെയ്തു. ജയാപജയങ്ങള്‍ ഇപ്പോഴും ചര്‍ച്ചയിലാണ്.
എന്നാല്‍ തിരഞ്ഞെടുപ്പിനു ശേഷം സിപിഎം, മറ്റു ഇന്‍ഡ്യാ സഖ്യം സ്ഥാനാര്‍ത്ഥികളുടെ തോല്‍വിയുടെ ഉത്തരവാദിത്വം സി.പി.ഐയുടെ തോളില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നു പറയുന്നു. ഈ ശ്രമങ്ങള്‍ ഇരുപാര്‍ട്ടികളും തമ്മില്‍ ഭിന്നത നിലനിറുത്തുന്നുണ്ട്. സുഭാഷ് ബോസിനെ യൂണിയന്‍ നേതൃത്വത്തില്‍ നിന്നു പുറത്താക്കിയതു അടിസ്ഥാന പ്രശ്‌നത്തില്‍ നിന്നു ശ്രദ്ധ തിരിച്ചു വിടാനുള്ള ഉപായമായും അഭിഭാഷകര്‍ക്കിടയില്‍ സംസാരമുണ്ട്.
