കോഴിക്കോട്: ഒന്‍പതു വയസുള്ള മകള്‍ അമീബിക് മസ്തിഷ്‌ക്കജ്വരം ബാധിച്ച് മരിച്ചതിലുള്ള വിരോധത്തില്‍ ആശുപത്രിയില്‍ കയറി ഡോക്ടറെ വെട്ടിക്കൊല്ലാന്‍ ശ്രമം. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം.
ഡോ. വിപിന്‍ ആണ് അക്രമത്തിനു ഇരയായത്. രോഗികളെ പരിശോധിച്ചുകൊണ്ടിരിക്കെ മുറിയില്‍ അതിക്രമിച്ചു കയറി ”മകളെ കൊന്നവനല്ലേ”യെന്നു ചോദിച്ച് കൊണ്ട് ആക്രമിക്കുകയായിരുന്നു. തലയ്ക്കു സാരമായി വെട്ടേറ്റ ഡോക്ടറെ താലൂക്കാശുപത്രിയില്‍ ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. സനൂപ് എന്ന ആളാണ് ആക്രമണം നടത്തിയത്. ഇദ്ദേഹത്തിന്റെ മകള്‍ ആഗസ്റ്റ് 14ന് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മരിച്ചിരുന്നു. ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിക്കാത്തതാണ് മകള്‍ മരണപ്പെടാന്‍ ഇടയാക്കിയതെന്നു ആരോപിച്ചാണ് അക്രമം നടത്തിയത്. സനൂപ് പൊലീസിന്റെ കസ്റ്റഡിയിലാണ്.
