കാസര്‍കോട്: പുരോഗമന കലാസാഹിത്യ സംഘം കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 35 അംഗ സംഘം പാലക്കാട് മലപ്പുറം ജില്ലയിലെ സാംസ്‌കാരിക കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്തു. കൊല്ലങ്കോട് മുതല്‍ തിരുനാവായ വരെയുള്ള പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചരിത്രപരവും സാംസ്‌കാരികവുമായ വിശേഷങ്ങളെക്കുറിച്ചു അറിവു ശേഖരിക്കുകയും ചെയ്തു.
കൊല്ലങ്കോട് ചിങ്ങന്‍ചിറ, മഹാകവി പി അധ്യാപകനായിരുന്ന രാജാസ് ഹൈസ്‌കൂള്‍, തെന്‍മലയുടെ താഴ്വാരത്തെ കാച്ചാം കുറിശ്ശി തുടങ്ങിയ ഇടങ്ങള്‍ സന്ദര്‍ശിച്ചു. എഴുത്തുകാരനും മഹാകവി പി യുടെ സന്തത സഹചാരിയും പുരോഗമന കലാസാഹിത്യ സംഘത്തിന്റെ മുന്‍ സംസ്ഥാന അധ്യക്ഷനുമായ ഇയ്യങ്കോട് ശ്രീധരനെ വീട്ടിലെത്തി ആദരിച്ചു. തസ്രാക്കിലെ ഒ.വി.വിജയന്‍ സ്മാരകത്തില്‍ സ്മാരക ട്രസ്റ്റ് സെക്രട്ടറി ടി.ആര്‍ അജയന്‍ യാത്രാ സംഘത്തെ സ്വീകരിച്ചു. ട്രസ്റ്റിന്റെ ഇതുവരേയുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്ന് ലക്കിടിയിലെ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം, തിരുവില്വാമല , ഏലംകുളം മനയ്ക്കടുത്തുള്ള ഇ എം എസ് അക്കാദമി എന്നിവയും സന്ദര്‍ശിച്ചു. പട്ടാമ്പിക്കടുത്തുള്ള ചെറുകാടിന്റെ വസതിയിലേക്ക് സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയും ചെറുകാടിന്റെ മകനുമായ ഡോ. കെ.പി.മോഹനന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. കെ.പി രമണന്‍, സി.പി.ചിത്ര ,കെ .പി മദനന്‍ എന്നിവര്‍ സംസാരിച്ചു. തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ രാജേഷ് പുതുക്കാട്, സുബ്രഹ്‌മണ്യന്‍ സംഘത്തെ സ്വീകരിച്ചു. മാമാങ്ക സ്മാരകങ്ങളും തിരുനാവ യിലെ ഭാരതപ്പുഴയോരവും സന്ദര്‍ശിച്ചാണ് സംഘം മടങ്ങിയത്. ഓരോ പ്രദേശങ്ങളുടെയും സാംസ്‌കാരിക പ്രാധാന്യവും സവിശേഷതകളും ഡോ : കെ വി സജീവന്‍. ഡോ. എന്‍ പി വിജയന്‍ എന്നിവര്‍ യാത്ര സംഘത്തിനു വിശദീകരിച്ചു കൊടുത്തു.

കാലിക്കടവില്‍ പു ക സ സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.പി രാജഗോപാലന്‍ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. ജില്ല സെക്രട്ടറി രവീന്ദ്രന്‍ കൊടക്കാട്, യാത്രാ കണ്‍വീനര്‍ എന്‍.രവീന്ദ്രന്‍ പ്രസംഗിച്ചു.
സാംസ്‌കാരത്തെ ദുഷിപ്പിക്കുന്ന കൂട്ടായ്മകള്‍ വര്‍ദ്ധിച്ചു വരുന്ന കാലത്ത് നാടിന്റെ പൈതൃകവും പാരമ്പര്യവും പുരോഗമന ജീവിതവും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ സാംസ്‌കാരിക യാത്ര അനുഭവസമ്പന്നവും ആസ്വാദ്യകരവുമാക്കാന്‍ കഴിഞ്ഞതായി സംഘാടകര്‍ അഭിപ്രായപ്പെട്ടു.