തൃശൂര്‍: കുന്നംകുളം ചൊവ്വന്നൂരിലെ വാടകക്വാട്ടേഴ്‌സില്‍ കണ്ടെത്തിയ പാതി കത്തിയ മൃതദേഹം ആരുടേതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. തമിഴ് നാട് സ്വദേശി ശിവ(34) ആണ് കൊല്ലപ്പെട്ടത്. ശിവയുടെ ശരീരത്തിലുണ്ടായിരുന്ന പച്ച കുത്തിയ പാടാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ഭാര്യയുടെ പേരാണ് പച്ചകുത്തിയിരുന്നത്. വീട്ടുകാരെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് യുവാവിനെ കൊലപ്പെടുത്തി കത്തിച്ചത്. മരത്തംകോട് ചൊവ്വന്നൂര്‍ ചെറുവത്തൂര്‍ സണ്ണി (61) ആണ് കൊലപ്പെടുത്തിയത്. ഇയാള്‍ സ്വവര്‍ഗാനുരാഗിയാണെന്ന് പൊലീസ് പറയുന്നു. മദ്യം വാഗ്ദാനം ചെയ്തു പ്രലോഭിപ്പിച്ച് സണ്ണി ഇയാളെ തന്റെ വാടക ക്വാര്‍ട്ടേഴിസിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്നായിരുന്നു കൊലപാതകം. കുന്നംകുളത്തെ ബിവറേജസ് ഔട്ട്ലെറ്റിന് സമീപത്തു നിന്നാണ് ഇരുവരും പരിചയപ്പെട്ടത്. രണ്ടുപേരും അവിടെനിന്ന് മദ്യപിച്ചിരുന്നു. വീണ്ടും മദ്യം വാങ്ങി മുറിയിലെത്തി. ഓംലെറ്റിനുവേണ്ട സവാള അരിയുകയായിരുന്നു യുവാവ്. ഇതിനിടെ സണ്ണി ഇയാളെ സ്വവര്‍ഗ രതിക്ക് പ്രേരിപ്പിച്ചു. നിര്‍ബന്ധിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി. വീണ്ടും ശല്യം ആവര്‍ത്തിച്ചതോടെ യുവാവ് സണ്ണിക്കുനേരെ കത്തിവീശി. സണ്ണി ഇതുതടയുകയും കത്തി പിടിച്ചുവാങ്ങി യുവാവിനെ കുത്തുകയുമായിരുന്നു. കരഞ്ഞ് ബഹളമുണ്ടാക്കിയ യുവാവിനെ പാന്‍ ഉപയോഗിച്ച് തലയിലും മുഖത്തും കഴുത്തിലുമടിച്ചു. മരിച്ചുവെന്ന് ഉറപ്പാക്കുന്നതുവരെ സണ്ണി ആക്രമണം നടത്തിയെന്നും പൊലീസ് പറഞ്ഞു. പിന്നീടിയാള്‍ മൃതദേഹത്തോടൊപ്പം ഒരുരാത്രികഴിഞ്ഞ ശേഷമാണ് മുറിയില്‍ തീയിട്ട ശേഷം മുങ്ങാന്‍ ശ്രമിച്ചത്. വടക്കാഞ്ചേരിയില്‍ നിന്നും തൃശൂരിലെ ശക്തന്‍ സ്റ്റാന്‍ഡിലെത്തിയ ഇയാള്‍ ബസ് കയറി രക്ഷപ്പെടാനിരിക്കുമ്പോഴാണ് പൊലീസിന്റെ പിടിയിലായത്. സ്വവര്‍ഗ രതിക്കായി സണ്ണി പലരേയും ഈ ക്വാര്‍ട്ടേഴ്സില്‍ കൊണ്ടുവരാറുണ്ടെന്നും പൊലീസ് പറയുന്നു.
