കാസര്‍കോട്: സീതാംഗോളി ടൗണില്‍ യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍. നീര്‍ച്ചാല്‍, ബേളയിലെ ചൗക്കാര്‍ ഹൗസില്‍ അക്ഷയി (34)നെയാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ പി കെ ജിജീഷ്, എസ് ഐ കെ ശ്രീജേഷ് എന്നിവര്‍ അറസ്റ്റു ചെയ്തത്. മറ്റു 12 പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഞായറാഴ്ച രാത്രി 11.30മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ബദിയഡുക്കയിലെ മത്സ്യ വില്‍പ്പനക്കാരനായ അനില്‍കുമാര്‍ ആണ് വധശ്രമത്തിനു ഇരയായത്. സാമ്പത്തിക പ്രശ്‌നവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കാണ് അനില്‍ കുമാര്‍ സീതാംഗോളിയില്‍ എത്തിയത്. ഈ സമയത്ത് അക്ഷയിയുടെ നേതൃത്വത്തില്‍ ഒരു സംഘം ആള്‍ക്കാര്‍ അനില്‍കുമാറിനെ ആക്രമിച്ചുവെന്നാണ് കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്.
സംഘര്‍ഷത്തിനു ഇടയില്‍ കത്തി കഴുത്തിന്റെ പിന്‍ഭാഗത്തു തറച്ച നിലയിലാണ് അനില്‍കുമാറിനെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചത്. സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് കത്തി നീക്കം ചെയ്തത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ടു വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
