കാസര്‍കോട്: ഞായറാഴ്ച രാത്രി 11.30 മണിയോടെ സീതാംഗോളി ടൗണില്‍ നടന്ന സംഘര്‍ഷത്തിനിടയില്‍ യുവാവിന്റെ കഴുത്തില്‍ തറച്ച കത്തി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ബദിയഡുക്കയിലെ മത്സ്യവ്യാപാരിയായ കുട്ടന്‍ എന്ന അനില്‍ കുമാ0റി(36)ന്റെ കഴുത്തില്‍ തറഞ്ഞ കത്തിയാണ് മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ അത്യന്തം സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. ഐ സി യുവില്‍ ചികിത്സയിലാണ് അനില്‍കുമാര്‍. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വാഹനങ്ങളും നാലുപേരും കുമ്പള പൊലീസിന്റെ കസ്റ്റഡിയിലാണ്.
അക്രമികള്‍ക്കെതിരെ വധശ്രമത്തിനു കേസെടുക്കുമെന്ന് കുമ്പള പൊലീസ് പറഞ്ഞു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് സംഘര്‍ഷത്തിനു ഇടയാക്കിയതെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഹോട്ടല്‍ ജീവനക്കാരനായ ഒരാള്‍ക്കു കടമായി നല്‍കിയ പണം തിരികെ കിട്ടാത്തതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് സീതാംഗോളി ടൗണില്‍ ഏറെനേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവങ്ങള്‍ക്ക് കാരണമെന്നു കുമ്പള പൊലീസ് കൂട്ടിച്ചേര്‍ത്തു.അതേസമയം സംഘര്‍ഷവുമായി ബന്ധമുള്ള ചിലര്‍ ഒളിവില്‍ പോയതായാണ് സൂചന.
