ജയ്പൂർ: സ്വാമി മൻസിംഗ് ആശുപത്രിയിലെ ഐസിയുവിൽ വൻ തീപിടിത്തം. ആറു രോഗികൾ വെന്ത് മരിച്ചു. അഞ്ചുപേർ ഗുരുതര നിലയിൽ. ഞായറാഴ്ച രാത്രിയിലാണ് ആശുപത്രിയിൽ തീപിടിത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ട് മൂലം ആണ് തീപിടിത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തീ പിടിച്ചപ്പോൾ തന്നെ ആശുപത്രി ജീവനക്കാർ രോഗികളെ മറ്റു മുറികളിലേക്ക് മാറ്റിയിരുന്നു. എന്നാൽ ആറു പേർ ഗുരുതരാവസ്ഥയിൽ ആവുകയും പിന്നീട് മരിക്കുകയും ആയിരുന്നു. 24 രോഗികളാണ് ഐസിയുവിൽ ഉണ്ടായിരുന്നത്. ഗുരുതരാവസ്ഥയിലുള്ള അഞ്ചുപേർ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. മറ്റു രോഗികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. രോഗികളായ പിന്റു, ദിലീപ്, ശ്രീനാഥ്, രുഗ്മിണി, ഗുർമ്മ, ബഹാദൂർ എന്നിവരാണ് മരിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
