തിരുവനന്തപുരം: സംസ്ഥാനത്തെ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍, ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍, ഐഎപി സംസ്ഥാന പ്രസിഡന്റ് എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കുക. അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ചുമ മരുന്ന് നല്‍കാന്‍ പാടില്ലെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച് ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കി. ഡോക്ടറുടെ പഴയ കുറിപ്പുമായി എത്തുന്നവര്‍ക്കും മരുന്ന് നല്‍കരുത്. കുട്ടികള്‍ക്കുള്ള മരുന്നുകള്‍ അവരുടെ തൂക്കത്തിനനുസരിച്ചാണ് ഡോക്ടര്‍മാര്‍ ഡോസ് നിശ്ചയിക്കുന്നത്. മധ്യപ്രദേശില്‍ കുട്ടികള്‍ മരിച്ചെന്ന പരാതിക്കിടയാക്കിയ കോള്‍ഡ്രിഫ് കഫ് സിറപ്പിന്റെ വില്‍പ്പന തടയുന്നതിനും പരിശോധ ശക്തമാക്കാനുമായി ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് നിര്‍ണായക തീരുമാനം. സംസ്ഥാനവ്യാപമായി നടത്തിയ പരിശോധനയില്‍ കോള്‍ഡ്രിഫിന്റെ 170 ബോട്ടിലുകള്‍ കണ്ടെടുത്തിരുന്നു. 52 സാമ്പിളുകളാണ് ആദ്യ ഘട്ടത്തില്‍ പരിശോധിക്കുന്നത്. അനുവദനീയമായതിലും കൂടുതല്‍ ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ ഉണ്ടോ എന്നാണ് പരിശോധിക്കുന്നത്. കൂടുതല്‍ സാമ്പിളുകള്‍ ശേഖരിച്ചും പരിശോധന തുടരും. കോള്‍ഡ്രിഫ് കഫ് മരുന്നിന്റെ വിതരണം സംസ്ഥാനത്ത് നിര്‍ത്തിവച്ചിട്ടുണ്ട്. 2 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ചുമ മരുന്ന് നല്‍കരുതെന്ന നിര്‍ദേശവും നല്‍കിയിരുന്നു.
