തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ദ്ധനവ്. തിങ്കളാഴ്ച ഗ്രാമിനു 125 രൂപ വര്‍ധിച്ച് പവന്‍ വില 88,560 രൂപയായി ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണ്ണത്തിനു 11,070രൂപയാണ് തിങ്കളാഴ്ചയിലെ വില. സ്വര്‍ണ്ണത്തിന് അനുദിനം വില വര്‍ധിക്കുന്ന പ്രവണത തുടരുന്നതിനാല്‍ പവന്‍ വില ഒരു ലക്ഷം രൂപയാകുമോ എന്നു ഉറ്റു നോക്കുകയാണ് ആഭരണ പ്രേമികളും വിപണി വൃത്തങ്ങളും.
ആഗോള വിപണിയിലുണ്ടായ പെട്ടെന്നുള്ള മാറ്റമാണ് സ്വര്‍ണവില കുതിച്ചുയരുന്നതിന് കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കന്‍ ഡോളറിന്റെ അപ്രമാദിത്യം തകരുന്നതും യു എസ് ബോണ്ടുകളില്‍ നിന്നു നിക്ഷേപകര്‍ പിന്മാറുന്നതുമാണ് സ്വര്‍ണ്ണവില ഉയരുന്നതിനു ഇടയാക്കുന്നതെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ്ണ ഉപഭോക്താക്കളുള്ള രാജ്യമാണ് ഇന്ത്യ.ടണ്‍ കണക്കിനു സ്വര്‍ണ്ണമാണ് ഓരോ വര്‍ഷവും ഇറക്കുമതി ചെയ്യപ്പെടുന്നത്. അതിനാല്‍ ആഗോള വിപണിയില്‍ ഉണ്ടാകുന്ന ചെറിയ ചലനങ്ങള്‍പോലും അടിസ്ഥാന പരമായി ഇന്ത്യയിലെ വിപണിയില്‍ പ്രതിഫലിക്കുന്നുവെന്നു വിദഗ്ദ്ധര്‍ പറയുന്നു. സ്വര്‍ണ്ണത്തെ സുരക്ഷിത നിക്ഷേപമായി കാണുന്നതും അവശ്യക്കാരുടെ കടന്നു കയറ്റവും സ്വര്‍ണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്.
