കാസര്‍കോട്: യുവ അഭിഭാഷകയും സിപിഎം കുമ്പള ലോക്കല്‍ കമ്മറ്റി അംഗവുമായ ബത്തേരിയിലെ രഞ്ജിത (30) വക്കീല്‍ ഓഫീസില്‍ ജീവനൊടുക്കിയതിനു പിന്നാലെ മുങ്ങിയ അഭിഭാഷകന്‍ അറസ്റ്റില്‍. പത്തനംതിട്ട, പുറമുറ്റം, മുണ്ടലം, ശാന്ത ഭവനിലെ അനില്‍ കുമാറി (45)നെയാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി ജിജീഷിന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ കെ. ശ്രീജേഷും സംഘവും തിരുവനന്തപുരത്ത് വച്ച് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണാ കുറ്റത്തിനാണ് അറസ്റ്റ്. ഞായറാഴ്ച രാത്രി കാസര്‍കോട്ടെത്തിച്ച പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. രഞ്ജിതയുടെ മരണം സംബന്ധിച്ച അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം കുമ്പള ഏരിയാ കമ്മറ്റിയും ലോക്കല്‍ കമ്മറ്റിയും രംഗത്തുവന്നതിനു പിന്നാലെയാണ് അഭിഭാഷകനെ പിടികൂടിയത്.
സെപ്തംബര്‍ 30ന് വൈകുന്നേരമാണ് രഞ്ജിതയെ കുമ്പളയിലെ സ്വന്തം ഓഫീസ് മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
