കണ്ണൂര്‍: തെരുവുനായ ശല്യത്തിനെതിരെ ബോധവല്‍ക്കരണ നാടകം അവതരിപ്പിക്കുന്നതിനിടയില്‍ നടനെ തെരുവുനായ ആക്രമിച്ചു. മയ്യില്‍, കണ്ടക്കൈപ്പറമ്പിലെ നാടക പ്രവര്‍ത്തകനായ പി രാധാകൃഷ്ണ (57)നാണ് നായയുടെ കടിയേറ്റത്.
ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. കണ്ടക്കൈ കൃഷ്ണപ്പിള്ള സ്മാരക വായനശാലയില്‍ ‘പേക്കാലം’ എന്ന ഏകപാത്ര നാടകം അവതരിപ്പിക്കുകയായിരുന്നു രാധാകൃഷ്ണന്‍.
തെരുവുനായ കുഞ്ഞ് ആക്രമണത്തിനു ഇരയാകുന്ന രംഗം അവതരിപ്പിക്കുന്നതിനിടയില്‍ നായ കുരയ്ക്കുന്ന ശബ്ദം പശ്ചാത്തലത്തില്‍ ഉപയോഗിച്ചിരുന്നു. ഇതുകേട്ട് സമീപത്ത് പ്രസവിച്ചു കിടക്കുകയായിരുന്ന പെണ്‍പട്ടി സ്റ്റേജിലേയ്ക്ക് ഓടിക്കയറി രാധാകൃഷ്ണനെ ആക്രമിക്കുകയായിരുന്നു. നാടകത്തിന്റെ ഭാഗമാണെന്നാണ് കാണികള്‍ കരുതിയത്. പത്തുമിനിറ്റുനേരം വേദന സഹിച്ച് നാടകാവതരണം പൂര്‍ത്തിയാക്കിയ ശേഷമാണ് നായ ആക്രമിച്ചതാണെന്ന കാര്യം രാധാകൃഷ്ണന്‍ സംഘാടകരെ അറിയിച്ചത്. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.

Ayooooo,
Paavam